താത്കാലിക വി.സിമാർ: തത്‌സ്ഥിതി ഉത്തരവ് ജൂൺ 6വരെ നീട്ടി

Saturday 31 May 2025 1:38 AM IST

കൊച്ചി: കേരള ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും താത്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ തത്‌സ്ഥിതി തുടരണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ജൂൺ 6വരെ നീട്ടി. വി.സിമാർ ഈ സമയം നയപരമായ തീരുമാനങ്ങൾ സ്വീകരിക്കരുതെന്ന നിർദ്ദേശവും അതുവരെ തുടരും. ചാൻസലറായ ഗവർണർ സമർപ്പിച്ച അപ്പീലുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് ഹർജികൾ വീണ്ടും 2ന് പരിഗണിക്കാൻ മാറ്റി.

താത്കാലിക വി.സിമാരായ ഡോ. സിസ തോമസും (ഡിജിറ്റൽ) ഡോ.കെ. ശിവപ്രസാദും(ടെക്നിക്കൽ) നൽകിയ ഹർജികളും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. തങ്ങളുടെ നിയമനം യു.ജി.സി റെഗുലേഷൻ അനുസരിച്ചായതിനാൽ സർവകലാശാല നിയമത്തിൽ വ്യവസ്ഥചെയ്യുന്ന ആറുമാസത്തെ കാലാവധി ബാധകമല്ലെന്നാണ് ഇവരുടെ വാദം. രണ്ടു സർവകലാശാലകളിലും താത്കാലിക വി.സിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരേയാണ് ചാൻസലറുടെ അപ്പീൽ.