സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം: പെരുമഴ മുതൽ പഠനനിലവാരം വരെ ആശങ്ക

Saturday 31 May 2025 1:58 AM IST

കൊച്ചി: നേരത്തെയെത്തിയ കാലവർഷവും പഠനനിലവാരവും ഉൾപ്പെടെ പുതിയ അദ്ധ്യയനവർഷത്തെ കാത്തിരിക്കുന്നത് നിരവധി കാര്യങ്ങളാണ്. കുട്ടികളേക്കാൾ ആശങ്ക രക്ഷിതാക്കൾക്കാണ്. കേന്ദ്ര സിലബസ് പാഠപുസ്‌തകങ്ങളുടെ വില മുതലുണ്ട് തലവേദനകൾ. രക്ഷിതാക്കൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങളിലൂടെ.

പോരാ, ഇംഗ്ളീഷ് പഠനം

ഇംഗ്ളീഷ് പഠനത്തെക്കുറിച്ച് പരാതി വ്യാപകമാണ്. വ്യാകരണത്തിനും അടിസ്ഥാന ഭാഷാപഠനത്തിനും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഒരു രക്ഷിതാവ് പറയുകയുണ്ടായി. പാഠഭാഗങ്ങൾ പൂർത്തിയാക്കാനാണ് താത്പര്യം. പ്രത്യേകിച്ച് സർക്കാർ സ്‌കൂളുകളിൽ. പി.ടി.എ യോഗങ്ങളിലുൾപ്പെടെ ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് രക്ഷിതാവിന്റെ പരാതി. നഴ്സറി മുതൽ അഞ്ചുവരെ ക്ളാസുകളിൽ പഠനമാദ്ധ്യമം മാതൃഭാഷയാക്കണമെന്ന നിർദ്ദേശമാണ് സി.ബി.എസ്.ഇ വിദ്യാർത്ഥി,രക്ഷിതാക്കളുടെ ആശങ്ക. സ്‌കൂൾ മാനേജ്മെന്റുകളും ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്.

ബസ് നിരക്ക്

അൺ എയ്ഡഡ് സ്‌കൂളുകളിൽ ബസ് നിരക്ക് 10 ശതമാനംവരെ വർദ്ധിക്കും. അൺഎയ്ഡഡ് സ്‌കൂൾ ബസുകൾക്ക് സർക്കാർ സ്‌കൂളുകളേക്കാൾ നാലിരട്ടി നികുതിയാണ് ഈടാക്കുന്നത്. സ്‌കൂളുകളിൽനിന്ന് മൂന്ന്,അഞ്ച്,എട്ട് കിലോമീറ്ററുകൾ വീതം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. പല സ്കൂളുകളും അമിതനിരക്കാണ് ഈടാക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.

പാഠപുസ്‌തകം: ഭീതി വേണ്ട

പാഠപുസ്‌തകങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ആശങ്ക വേണ്ട. പാഠപുസ്‌തക അച്ചടിയും വിതരണവും പൂർത്തിയായി. പ്രവർത്തന പാഠപുസ്‌തകങ്ങൾ മാത്രമാണ് ഇനി അച്ചടിക്കാനുള്ളത്.

കൊച്ചിയിലെ കെ.ബി.പി.എസിൽ 6,22,75,400 പുസ്‌തകങ്ങളാണ് അച്ചടിക്കുന്നത്. ജില്ലാ ഡിപ്പോകളിലൂടെ കുടുംബശ്രീ വഴിയാണ് സ്‌കൂളുകളിൽ എത്തിക്കുന്നത്. ഈവർഷം പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളും അച്ചടിച്ചതായി മാനേജിംഗ് ഡയറക്‌ടർ അറിയിച്ചു.