ദുരിതപെയ്‌ത്തിൽ നാട് മുങ്ങിത്തുടങ്ങി

Saturday 31 May 2025 1:03 AM IST

 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 170 വീടുകൾ തകർന്നു

കൊല്ലം: തോരാതെ പെയ്യുന്ന പെരുമഴയിലും ശക്തമായ കാറ്റിലും ജില്ലയിൽ 164 വീടുകൾ ഭാഗികമായും ആറ് വീടുകൾ പൂർണമായും തകർന്നു. ആകെ 48,69,000 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒരു ഹെക്ടർ ഭൂമിയിലായി 1.8 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചു. കെ.എസ്.ഇ.ബി പോസ്റ്റുകൾ വ്യാപകമായി നിലം പൊത്തി. മരങ്ങൾ കടപുഴകി നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുനലൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 67മില്ലി മീറ്റർ. ജില്ലയിൽ അധിക മഴയും ലഭിച്ചു. ഈ സീസണിൽ ഇതുവരെ 57 ശതമാനം മഴയുടെ കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മുതൽ ഇന്നലെ വരെ 421.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 660.1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

മിന്നലും കാറ്റും:

ജാഗ്രത പാലിക്കണം

 സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ ഇരിക്കുക

 ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക

 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക

 വൈദ്യുതോപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക

 ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കരുത്

 മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുഴപ്പമില്ല

 ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക

 തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക

 മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകണം

 മിന്നലേറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് സുവർണ നിമിഷങ്ങളാണ്

 വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം

തദ്ദേശസ്വയംഭരണ വകുപ്പ് - 8943068228. കെ.എസ്.ഇ.ബി കൊല്ലം - 9446008267, 9496018381, 9496018384. കെ.എസ്.ഇ.ബി കൊട്ടാരക്കര- 9446008271. കൊല്ലം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം - 8086395035, 8086395036 കൊട്ടാരക്കര പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം - 8086395039.