കേന്ദ്ര വിഹിതം തടഞ്ഞു, സമഗ്രശിക്ഷ കേരളയിലെ ആറായിരത്തോളം പേർക്ക് ശമ്പളമില്ല
ആലപ്പുഴ: പി.എം ശ്രീ പദ്ധതിയുമായി നിസഹകരിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) പ്രോജക്ടിലെ ആറായിരത്തോളം പേർക്ക് ശമ്പളമില്ല. കേന്ദ്ര സർക്കാർ പദ്ധതിവിഹിതം തടഞ്ഞതാണ് പ്രശ്‌നം. എസ്.എസ്.കെ ഫണ്ടിന്റെ 60ശതമാനം കേന്ദ്രവും 40ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ ഏപ്രിൽ മുതൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായി. ഈവർഷത്തെ 513 കോടിയും കഴിഞ്ഞ വർഷത്തെ 153 കോടിയും കുടിശികയുണ്ടെന്നാണ് വിവരം.
ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സ്‌പെഷ്യൽ എജ്യുക്കേറ്റർമാർ, സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകർ, ക്ലസ്റ്റർ കോഓർഡിനേറ്റർ, എം.ഐ.എസ് കോഓർഡിനേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി നാലായിരത്തോളം പേർ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിലെത്തിയ രണ്ടായിരത്തോളം അദ്ധ്യാപകർക്കും ശമ്പളം കിട്ടിയിട്ടില്ല.ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അതേപടി നടപ്പാക്കിയാൽ പൊതുവിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടിയതോടെ മന്ത്രിസഭയുടെ പരിഗണനയിലുണ്ടായിരുന്ന പദ്ധതി മുഖ്യമന്ത്രി ഇടപെട്ടാണ് മാറ്റിവയ്പ്പിച്ചത്.
എൻ.ഇ.പിയുടെ നിർവഹണ ചുമതല എസ്.എസ്.കെയ്ക്കാണെന്നും പി.എം-ശ്രീ നടപ്പാക്കാത്തതിനാൽ തുക തരാനാവില്ലെന്നുമാണ് കേന്ദ്ര നിലപാട്. തമിഴ്നാട് മാതൃകയിൽ ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കേരളത്തിന്റെ ആലോചന. കേന്ദ്രഫണ്ട് കുടിശികയായി തുടരുമ്പോഴും ലോക ബാങ്കിൽ നിന്നുള്ള വിദ്യാഭ്യാസ സഹായ പദ്ധതികളുടെ ചില ഫണ്ടുകൾ കൂടി ഉപയോഗപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾ ഇക്കഴിഞ്ഞ മാർച്ചുവരെ മുന്നോട്ട് കൊണ്ടുപോയത്. അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അദ്ധ്യാപകരും അനദ്ധ്യാപകരുമുൾപ്പെട്ട കരാർ ജീവനക്കാരടക്കമുള്ളവരുടെ ശമ്പളം ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ മാസവും ശമ്പളം ലഭിക്കാത്ത പക്ഷം സ്കൂൾ തുറപ്പിന് പിന്നാലെ ബി.ആർ.സികൾ കേന്ദ്രീകരിച്ച് സമരപരിപാടികൾ ആരംഭിക്കാനുളള ആലോചനയിലാണ് ജീവനക്കാർ.