ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
Saturday 31 May 2025 1:05 AM IST
പുത്തൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9 ഓടെ ചുങ്കത്തറയിലാണ് സംഭവം. തെക്കുംചേരി ചെമ്പോലിൽ വീട്ടിൽ വാസുദേവൻ പിള്ളയുടെ മാരുതി സെൻ എസ്റ്റിലോ കാറാണ് കത്തി നശിച്ചത്. രണ്ട് ദിവസം മുമ്പ് കാർ അറ്റകുറ്റപണികൾക്കായി ചുങ്കത്തറയിലെ ഒരു സ്വകാര്യ വർക്ക്ഷോപ്പിൽ നൽകിയിരുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം കാർ ഉടമയ്ക്ക് തിരിച്ചുനൽകി. തുടർന്ന് അതേ കാറിൽ വർക്ക് ഷോപ്പ് ഉടമയെ തിരിച്ചെത്തിക്കാൻ പോകുമ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്. വാസുദേവൻ പിള്ളയും വർക്ക്ഷോപ്പ് ഉടമയും ഉടൻ ചാടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. 18 വർഷം പഴക്കമുള്ള കാറാണിത്. കാരണം വ്യക്തമല്ല. പുത്തൂരിൽ നിന്ന് പൊലീസും ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്.