ഫെലോഷിപ്പ് തുക മുടക്കിയാൽ വി.സിക്കും ശമ്പളം നൽകരുത്; ഹൈക്കോടതി
Saturday 31 May 2025 2:06 AM IST
കൊച്ചി: ഫെലോഷിപ്പ് തുക നൽകിയില്ലെങ്കിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വി.സിക്കും രജിസ്ട്രാർക്കും ശമ്പളം നൽകരുതെന്ന് ഹൈക്കോടതി. സർവകലാശാലയിലെ ഗവേഷകനായ ഇ.ആദർശ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ.സിംഗിന്റെ ഉത്തരവ്. സാമ്പത്തിക ബുദ്ധിമുട്ടായതിനാലാണ് ഗവേഷണ ഫെലോഷിപ്പ് നൽകാത്തതെന്നായിരുന്നു സർവകലാശാല വിശദീകരണം. എന്നാൽ ചാൻസലർ അടക്കമുള്ളവർക്ക് ശമ്പളം ലഭിക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു. കൃത്യമായി കിട്ടുന്നുണ്ടെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. സർവകലാശാലയ്ക്ക് സർക്കാർ 2.62 കോടി അടുത്തിടെ അനുവദിച്ചതും കോടതി ചൂണ്ടിക്കാട്ടി. കുടിശികയായ ഫെലോഷിപ്പ് തുക ഒരുമാസത്തിനകം നൽകാനും തുടർന്നുള്ള തുക മുടക്കംവരുത്താതെ നൽകാനും കോടതി നിർദ്ദേശിച്ചു.