നിലമ്പൂർ: എം.സ്വരാജ് ഇടത് സ്ഥാനാർത്ഥി

Saturday 31 May 2025 1:07 AM IST

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഇന്നലെ എ.കെ.ജി സെന്ററിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലമ്പൂർ മണ്ഡലത്തിലുൾപ്പെടുന്ന പോത്തുകൽ പാതാർ സ്വദേശിയാണ്. നിയമസഭയിലേക്ക് സ്വരാജിന്റെ മൂന്നാം മത്സരമാണിത്.

2016ലെ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിലെ കെ.ബാബുവിനെ 4,467 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2021ൽ ഇതേ മണ്ഡലത്തിൽ 992 വോട്ടുകൾക്ക് കെ.ബാബുവിനോട് പരാജയപ്പെട്ടു.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംസ്ഥാന മുൻ സെക്രട്ടറിയാണ് 46കാരനായ സ്വരാജ്. എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയത്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററാണ്.