അമ്മയുടെ സ്വപ്നം സഫലമാക്കി സൗപർണിക

Saturday 31 May 2025 1:38 AM IST

കൊല്ലം: പെൺകുട്ടികളുടെ കേരളനടനം മത്സരവേദിയിൽ പ്രാർത്ഥനയോടെ അമ്മ സരസ്വതി കാത്തുനിന്നു. ഒടുവിൽ ഒന്നാം സ്ഥാനത്തിന്റെ പൊൻതിളക്കം. നാൽപ്പത്തിയഞ്ചിലേറെ വർഷമായി നൃത്തരംഗത്ത് ഉണ്ടെങ്കിലും സ്കൂൾ പഠനകാലത്ത് ഒരിക്കൽ പോലും കലോത്സവ വേദിയിൽ എത്താൻ കഴിയാതിരുന്ന അമ്മ സരസ്വതിക്ക് മകളുടെ സമ്മാനമായിരുന്നു ആ വിജയം.

ശിവപുരാണത്തിലെ വിവിധ ഭാഗങ്ങളാണ് സൗപർണിക അവതരിപ്പിച്ചത്. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിൽ രണ്ടാംവർഷ എം.എ കേരള നടനം വിദ്യാർത്ഥിയാണ്. മൂന്നാം വയസിൽ അമ്മയാണ് നൃത്തലോകത്തേക്ക് കൈപിടിച്ചത്. പിന്നീട് നന്തൻകോട് വിനയചന്ദ്രന്റെ കീഴിലായി പഠനം. പ്ലസ്ടു പഠനത്തിന് ശേഷം കലാക്ഷേത്രയിൽ ഭരതനാട്യത്തിൽ ഡിപ്ലോമ. തുടർന്ന് സ്വാതി തിരുന്നാൾ കോളേജിൽ കേരള നടനത്തിൽ ബിരുദം. യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആദ്യമായാണ് കേരള നടനത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നത്. ഒപ്പനയിൽ മൂന്നാംസ്ഥാനവും ലഭിച്ചിരുന്നു.

അച്ഛൻ തുന്നിയ കുപ്പായം

നൃത്തം ചെയ്യാൻ തുടങ്ങിയ കാലം മുതൽ തയ്യൽ തൊഴിലാളിയായ അച്ഛൻ അനിൽകുമാർ തയ്ച്ച് നൽകുന്ന ഉടുപ്പണിഞ്ഞാണ് സൗപർണിക വേദിയിലെത്തിയിരുന്നത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. വൈകിയെത്തിയതിനാൽ മകളുടെ നൃത്തം കാണാൻ കഴിഞ്ഞില്ലെന്ന സങ്കടം മകളുടെ വിജയത്തോടെ ഇല്ലാതായി. ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയും അഭ്യസിച്ചിരുന്നു. തൈക്കാട് കണ്ണേറുമുക്ക് കുരുക്കുവിളാകം ജനനിയിൽ ശ്രീജിത്താണ് ഭർത്താവ്. നാല് വയസുകാരി സമൃദ്ധിയാണ് മകൾ. പരേതനായ രാഹുൽ, രാജേഷ്, അപർണ, സുവർണ എന്നിവരാണ് സഹോദരങ്ങൾ.