കുണ്ടറ താലൂക്ക് ആശുപത്രിയിൽ: ഡീസലിന് പണമില്ല; ഗർഭിണികളെ വിക്ടോറിയയിലേക്ക് മാറ്റി

Saturday 31 May 2025 1:38 AM IST

 സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡി.എം.ഒ

കൊല്ലം: ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ഡീസൽ വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് രണ്ട് ഗർഭിണികളെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഡി.എം.ഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഏത് നിമിഷവും ശസ്ത്രക്രിയ വേണ്ടിവരുന്ന ഗർഭിണിക്കൊപ്പം സുഖ പ്രസവ സാദ്ധ്യതയുള്ള യുവതിയെയും വിക്ടോറിയയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കറന്റ് പോയതാണ്. ഏറെ നേരം പ്രവർത്തിച്ചതോടെ ജനറേറ്ററിലെ ഡീസൽ തീർന്നു. കുണ്ടറയിലെ പമ്പിൽ നിന്നാണ് ഡീസൽ വാങ്ങിയിരുന്നു. കുടിശിക 75000 രൂപ പിന്നിട്ടതോടെ ഡീസൽ നൽകില്ലെന്ന് പമ്പുടമ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡീസൽ വാങ്ങാൻ ശ്രമിക്കാതെ ഗർഭിണികളെ ആശുപത്രിയിൽ നിന്ന് മാറ്റിയത്. കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് വ്യാപകമായി മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ തകരാറിലായതിനാൽ ഇന്നലെ ഉച്ചവരെ കാത്തിരുന്നിട്ടും കറന്റ് വന്നില്ല. ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പമ്പുടമയുമായി നടത്തിയ ചർച്ചയിൽ 50000 രൂപ ഉടൻ നൽകാമെന്ന് പറഞ്ഞതോടെ ഇന്നലെ ഉച്ചയ്ക്ക് പമ്പുടമ 150 ലിറ്റർ ഡീസൽ ആശുപത്രിക്ക് നൽകി.

സാമ്പത്തിക പ്രതിസന്ധി

ഒ.പി ടിക്കറ്റ്, ലാബ് ഫീസ് എന്നിവയിൽ നിന്ന് എച്ച്.എം.സിക്ക് ലഭിക്കുന്ന ഫണ്ട് ഡീസൽ വാങ്ങാൻ ഉപയോഗിക്കാം. എച്ച്.എം.സിയുടെ അക്കൊണ്ടിൽ നിന്നാണ് ആശുപത്രിയിലെ 26 താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. വരുമാനം കുറവായതിനാൽ ജീവനക്കാർക്ക് കഴിഞ്ഞമാസത്തെ ശമ്പളം ഈമാസം 22നാണ് നൽകിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഒരു യുവതിക്ക് ഒരുപക്ഷെ പെട്ടെന്ന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഗൈനക്കോളജിസ്റ്റ് പറഞ്ഞു. കെ.എസ്.ഇ.ബിയിൽ അന്വേഷിച്ചപ്പോൾ ഉടൻ കറന്റ് വരില്ലെന്നായിരുന്നു മറുപടി. 75000 രൂപ കുടിശികയായതിനാൽ ഇനി ഡീസൽ നൽകില്ലെന്ന നിലപാടിലായിരുന്നു പമ്പുടമ. ഈ സാഹചര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമാണ് രണ്ട് യുവതികളെ വിക്ടോറിയയിലേക്ക് മാറ്റിയത്.

ഡോ. ബാബുലാൽ, സൂപ്രണ്ട്,

കുണ്ടറ താലൂക്ക് ആശുപത്രി

പ്രതിഷേധവുമായി കോൺഗ്രസ്

ഡീസൽ വാങ്ങാനുള്ള പണമില്ലെന്ന് പറഞ്ഞ് ഗർഭിണികളെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഡീസൽ വാങ്ങി ഹോസ്പിറ്റലിൽ കൊണ്ടുവന്ന് ജനറേറ്റർ പ്രവർത്തിപ്പിച്ചുവെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, പേരയും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റേച്ചൽ ജോൺസൺ, ഷേർലി ഷാൻ മുട്ടക്കാവ്, ജയൻ തട്ടാർകോണം, രാഹുൽ, റെക്സൺ പേരയം, കോൺഗ്രസ് നേതാക്കന്മാരായ പ്രവീൺരാജ് കണ്ണനല്ലൂർ, നാസർ കണ്ണല്ലൂർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.