സൈനികസേവനത്തിന് പിതാവിന്റെ വഴിയേ ആൻ റോസ്
കൊച്ചി: നാവികസേനയിൽനിന്ന് പിതാവ് വിരമിച്ചതിന് പിന്നാലെ മകൾ കരസേനയിലേക്ക്. പിതാവ് കമാൻഡർ എം.പി. മാത്യു വിരമിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് മകൾ ആൻ റോസ് നാഷണൽ ഡിഫൻസ് അക്കാഡമി (എൻ.ഡി.എ) പരിശീലനം പൂർത്തിയാക്കിയത്.
മുംബയിലെ എൻ.ഡി.എയിൽ ഇന്നലെ വൈകിട്ട് നടന്ന പാസിംഗ് ഔട്ട് പരേഡിൽ മകളുടെ നേട്ടത്തിന് സാക്ഷിയാക്കാൻ എം.പി. മാത്യുവുമെത്തി. കേഡറ്റ് പദവി നേടിയ ആൻ റോസ് കരസേനയാണ് തിരഞ്ഞെടുക്കുക. കരസേനയുടെ പരിശീലനം ഉടൻ ആരംഭിക്കും.
2022 ആഗസ്റ്റിലാണ് എൻ.ഡി.എയിലേയ്‌ക്ക് ആൻ പ്രവേശനം നേടിയത്. പിതാവിനെപ്പോലെ രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കണമെന്ന മോഹത്തിലാണ് എൻ.ഡി.എ പ്രവേശനപ്പരീക്ഷ എഴുതി വിജയിച്ചത്. കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിലെ നേവി ചിൽഡ്രൻസ് സ്‌കൂളിലാണ് പന്തണ്ട്രാംക്ളാസുവരെ പഠിച്ചത്.
നാവികസേനയിൽ 30 വർഷത്തിലേറെ പി.വി. മാത്യു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാവികസേനയിലെ വിവിധ പദവികൾ വഹിച്ച അദ്ദേഹം ചങ്ങനാശേരിയിൽ എൻ.സി.സിയുടെ ചുമതല വഹിക്കെ കഴിഞ്ഞ ഏപ്രിൽ 30നാണ് വിരമിച്ചത്.