പൂരം: മന്ത്രി രാജനെ അഭിനന്ദിച്ച് സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം സംഘാടനത്തിൽ റവന്യുമന്ത്രി കെ.രാജനെയും മേയർ എം.കെ.വർഗീസിനെയും അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം നടത്തിപ്പിൽ പാർട്ടിയുടെ തത്വങ്ങൾക്കൊന്നും സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്ന വിധമായിരുന്നു മന്ത്രി രാജന്റെ പ്രവർത്തനം. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഞെക്കിയൊരു മുത്തം നൽകുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.
മന്ത്രി രാജന് പൂരം ഒട്ടും ആസ്വദിക്കാനായിട്ടുണ്ടാവില്ല. കാഴ്ചക്കാരനായി ഒരു ഗ്യാലറിയിലും ഇരുന്നില്ല. തൊഴിലാളികളെ പോലെ പൂരം നടത്തിപ്പിനായി പറമ്പ് മുഴുവൻ അദ്ദേഹം ഓടിനടക്കുകയായിരുന്നു. പൂരത്തിന് ശേഷം മണിക്കൂറുകൾക്കകം നഗരം മുഴുവൻ വൃത്തിയാക്കിയ ശുചീകരണ തൊഴിലാളികളെ അഭിനന്ദിക്കാനായി വിളിച്ച യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രശംസ. ശുചീകരണ തൊഴിലാളികളുടെ നാഥൻ കോർപ്പറേഷൻ മേയറായ എം.കെ. വർഗീസാണെന്നും അദ്ദേഹത്തെയും അഭിനന്ദിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.