പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്; കേരളത്തിലേക്ക് പുറപ്പെട്ട വിമാനം മസ്‌കറ്റിൽ ഇറക്കി
Saturday 31 May 2025 8:03 AM IST
കൊച്ചി: യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മസ്‌കറ്റിൽ ഇറക്കി. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ ആണ് കാരണമെന്ന് അധികൃതർ അറിയിച്ചു.
IX 436 എന്ന വിമാനമാണ് മസ്‌കറ്റിൽ ഇറക്കിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 11 മണിയോടുകൂടി കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചത്.
ഇതോടെ, വിമാനത്തിലുണ്ടായിരുന്ന 200ഓളം യാത്രക്കാർ പ്രതിസന്ധിയിലായി. 1.15 മണിക്കൂറോളം നേരം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചത് എന്നാണ് വിവരം.