'ആരെയും കണ്ടല്ല എംഎൽഎ സ്ഥാനം രാജിവച്ചത്, പോരാട്ടം തുടരും'; അയയാതെ പി വി അൻവർ
മലപ്പുറം: യുഡിഎഫിലെ ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് പി വി അൻവർ. താൻ ആരെയും കണ്ടല്ല എംഎൽഎ സ്ഥാനം രാജിവച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജാതിമത രാഷ്ട്രീയത്തിലേക്ക് സിപിഎം മാറിക്കൊണ്ടിരിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.
'ആരെയും കണ്ടല്ല എംഎൽഎ സ്ഥാനം രാജിവച്ചത്. എന്റെ പോരാട്ടം തുടരും. സോഷ്യലിസം, മതേതരത്വം എന്നിവ പാലിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്. സോഷ്യലിസം, മതേതരത്വം എന്ന ആശയം കണ്ടാണ് പാർട്ടിയിൽ ചേർന്നത്. അത് മാറിപ്പോൾ അതിനെ ചോദ്യം ചെയ്തു. അത് അധികപ്രസംഗം ആണെന്നാണ് അവർ പറയുന്നത്. സാധാരണക്കാരെ ഉപദ്രവിക്കാൻ ശ്രമിച്ച പൊലീസിനെ വരെ ഞാൻ ചോദ്യം ചെയ്തു. നിലമ്പൂരിൽ കൂടി പോകുമ്പോൾ നോക്കൂ. എല്ലാ പാടങ്ങളും മണ്ണിട്ട് നികത്തിയിരിക്കുന്നു. പക്ഷേ സാധാരണക്കാരുടെ വീടിന് മണ്ണിടാൻ പല കടമ്പകളും പാവപ്പെട്ടവർ കടക്കണം. അതിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്.
ജനങ്ങൾക്ക് വേണ്ടി ഇനിയും സംസാരിക്കും. യുഡിഎഫിൽ വന്നാലും ഞാൻ ഇത് തന്നെ തുടരും. ഞാൻ യുഡിഎഫിൽ പോകണമെന്ന് പറഞ്ഞ് പോയതല്ല. യുഡിഎഫിലെ മുതിർന്ന നേതാക്കളാണ് എന്നെ വിളിച്ചത്. എന്നിട്ടും യുഡിഎഫിൽ ചേരാൻ കഴിഞ്ഞില്ല. അതിന് കാരണം എനിക്ക് അറിയാം. പക്ഷേ അത് ഇപ്പോൾ പറയുന്നില്ല. യുഡിഎഫിൽ ചേരാൻ ഒരു ഡിമാൻഡും എനിക്ക് ഇല്ലായിരുന്നു. ഞാനും കൂടി യുഡിഎഫിനൊപ്പം നിന്നാൽ പിണറായിസത്തിന് എതിരെ പോരാടാം. ഞങ്ങൾ ഒരുമിച്ച് നിന്നിട്ടും എൽഡിഎഫ് ജയിച്ചാൽ പിന്നെ എന്താണ് സംഭവിക്കുക. ജനങ്ങൾ സർക്കാരിന് എതിരാണ് എന്ന് കേരള സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് ഞാൻ രാജിവച്ചത്. മലയോരത്ത് പ്രശ്നമുണ്ട്. ഒരു കുടിയേറ്റ കർഷകൻ ഇവിടെ സ്ഥാനാർത്ഥിയാകണം എന്നാണ് ഞാൻ പറഞ്ഞത്. അതിൽ തെറ്റ് ഉണ്ടോ?'- അൻവർ വ്യക്തമാക്കി.