ആ ഗ്രൗണ്ട് ഇവിടെയാണ്...

Sunday 01 June 2025 3:11 AM IST

ചുറ്റും കാട്, നടുവിലായി ഒരു ക്രിക്കറ്റ് ഗ്രൗണ്ട്. ലോകം മുഴുവൻ ശ്രദ്ധിച്ച ഈ റീൽസിലെ ഗ്രൗണ്ടുള്ളത് ന്യൂസിലാൻഡിലോ ആസ്ട്രേലിയയിലോ അല്ല, നമ്മുടെ സ്വന്തം കേരളത്തിലാണ്. 50 മില്യണിലധികം കാഴ്ചക്കാരെ നേടിയ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് ആധാരം തൃശൂർ പാലപ്പിള്ളിയിലെ ഹാരിസൺ മലയാളം കമ്പനിയുടെ റബർ തോട്ടങ്ങൾക്കു നടുവിലുള്ള മൈതാനമാണ്. ഇടതൂർന്ന റബർ മരങ്ങൾക്കിടയിലുള്ള പ്രകൃതിയുടെ കളിത്തട്ട് പ്രദേശവാസികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇത് ആമസോൺ മഴക്കാടുകളല്ല എന്ന അടിക്കുറിപ്പോടെ ഗ്രൗണ്ടിന്റെ ആകാശ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ക്രിക്കറ്റ് കളിയ്ക്കാനും ഗ്രൗണ്ടിന്റെ ഫോട്ടോയെടുക്കാനുമൊക്കെ കിലോമീറ്ററുകൾക്ക് അകലെ നിന്നുപോലും ആളുകൾ ഇന്നിവിടെ എത്താറുണ്ട്. ദിവസവും ഒട്ടേറെ മത്സരങ്ങൾ നടക്കുന്ന കേരളത്തിലെ ഈ പിച്ചിന് ഇന്ന് വിദേശത്ത് പോലും ആരാധകർ ഏറെയാണ്. പണ്ടുകാലത്ത് ഇതൊരു ഫുട്ബോൾ ഗ്രൗണ്ടായിരുന്നെന്നും താത്ക്കാലിക ഗാലറി നിർമ്മിച്ച് ഫുട്ബോൾ ടൂർണമെന്റുകൾ ഉൾപ്പെടെ ഇവിടെ നടന്നിട്ടുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഈ മാസം അവസാനത്തോടെ മൈതാനത്തിന് ചുറ്റുമുള്ള വാകമരങ്ങൾ പൂക്കുന്നതോടെ ആകാശക്കാഴ്ചകൾ കൂടുതൽ മനോഹരമാകുമെന്ന് പ്രദേശവാസികളും പറയുന്നു.