ബാർബർ ഷോപ്പുകളിലെ മുടി കൊണ്ട് മെത്തകൾ; ഉപയോഗിക്കുന്നത് കിടന്നുറങ്ങാനല്ല, കേരളത്തിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം

Saturday 31 May 2025 12:53 PM IST

കൊച്ചി: മുടിവെട്ടുകടയിൽ മൂലയിൽ തള്ളുന്ന ചാക്കുകണക്കിന് തലമുടിയുണ്ടെങ്കിൽ കടലിലെ എണ്ണപ്പാട അപ്രത്യക്ഷമാക്കാം! തലമുടികൊണ്ട് നിർമ്മിക്കുന്ന ചെറുമാറ്റുകൾക്കും ബൂമുകൾക്കും (കടലി​ൽ എണ്ണ പടരാതി​രി​ക്കാൻ ഉപയോഗി​ക്കുന്ന തടയണകൾ) അതിവേഗം വെള്ളത്തിലെ എണ്ണ ഊറ്റിയെടുക്കാനാകും.

തലമുടി അതിന്റെ ഭാരത്തിന്റെ അഞ്ചിരട്ടി എണ്ണ ആഗീരണം ചെയ്യും. എണ്ണ പടർന്നയിടത്ത് ഇവയിട്ട് ഉയർത്തിയെടുത്താൽ മതി​. സാൻഫ്രാൻസിസ്‌കോയിലെ​ ലിസ ഗൗട്ടിയറും പങ്കാളി പാട്രിക്കും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് 1998ൽ രൂപീകരിച്ച മാറ്റർ ഒഫ് ട്രസ്റ്റാണ് ഇതിന്റെ ഉപജ്ഞാതാക്കൾ.

അമേരിക്കയിലെ 10 ലക്ഷം മുടിവെട്ടുകടകളെ ആശ്രയിച്ചാണ് മാറ്റർ ഒഫ് ട്രസ്റ്റ് ദൗത്യം തുടങ്ങിയത്. ഇന്ന് ലോക വ്യാപകമായി സംഭരിക്കുന്ന മുടികൊണ്ട് മെത്തകൾ നി‌ർമ്മിക്കുന്നു.

ബാർബ‌ർക്ക്‌ തോന്നിയ ബുദ്ധി

രോമങ്ങൾ ധാരാളമുള്ള നീർനായ എണ്ണപ്പാടയിൽ നി​ന്ന് അനായാസം രക്ഷപ്പെടുന്നത് അലബാമയിലെ മുടിവെട്ടുകാരനായ ഫിലിപ്പ് മക്കോറിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം ലിസയോടും പാട്രിക്കിനോടും പങ്കുവച്ചതാണ് മുടിമെത്തയുടെ പിറവിക്ക് വഴിവച്ചത്. സ്വിമ്മിംഗ് പൂളിൽ എണ്ണയൊഴിച്ചായിരുന്നു പരീക്ഷണം.

കേരളത്തിൽ വെട്ടുന്നത് 900 ടൺ മുടി

സംസ്ഥാനത്ത് 30,000ത്തിലേറെ ബാർബർ ഷോപ്പുകളുണ്ട്. പ്രതിവർഷം ഉണ്ടാകുന്നത് 900 ടൺ മനുഷ്യമുടിമാലിന്യം. സൗന്ദര്യവർദ്ധക, ഫാഷൻ മേഖലകളിൽ ഹെയർ എക്സ്റ്റൻഷൻ, വിഗുകൾ, കൃത്രിമ കൺപീലികൾ, മീശ, താടി തുടങ്ങിയവയ്ക്ക് മുടി ഉപയോഗിക്കുന്നുന്നുണ്ട്. മണ്ണിൽ വിഘടിച്ചു ചേരാൻ രണ്ടുവർഷം വരെ എടുക്കും.

 അരക്കിലോ മുടിയിലേക്ക് അഞ്ചര ലിറ്റർ എണ്ണ

#ഒരടി നീളവും വീതിയുമുള്ള മുടിമെത്തകളാണ് നിർമ്മിക്കുന്നത്. ഒരിഞ്ച് കനമുള്ള മെത്ത നിർമ്മിക്കാൻ 500 ഗ്രാം തലമുടി മതി. ഇതിന് ശരാശരി 5.6 ലിറ്റർ എണ്ണ ആഗിരണം ചെയ്യാനാകും.

# മുടി പ്രത്യേക അളവിലും കനത്തിലും നി​രത്തും. നിരവധി സൂചികൾ ഉയർന്നു താഴുന്ന മെഷിനിലേക്ക് കടത്തിവിടും. മറുഭാഗത്തേയ്ക്ക് എത്തുമ്പോൾ ഇവ കമ്പളിപ്പുതപ്പുപോലെ ആകും.

പുതിയ കണ്ടുപിടിത്തങ്ങൾ ഗുണകരമാകുമെങ്കിൽ പ്രോത്സാഹിപ്പിക്കണം.- വി.ഇ. ഷാജി, മുൻ പ്രസിഡന്റ്, കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷൻ.