'നിങ്ങള് ഉറങ്ങാനെങ്കിലും ഇത്തിരി സമയം കണ്ടെത്തൂ, നിലമ്പൂർ മുഖ്യമന്ത്രി ആവാനുള്ളതല്ലേ'; പരിഹാസം

Saturday 31 May 2025 1:54 PM IST

മലപ്പുറം: പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പരിഹാസ കമന്റുകൾകൊണ്ട് അഭിഷേകം. അദ്ദേഹത്തെ അനുകൂലിച്ചുള്ള കമന്റുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. 'ഇടതുപക്ഷത്ത് ഉണ്ടായിരുന്നപ്പോൾ പോരാളി ഇപ്പോൾ കോമാളി,നേതാവേ ഒന്ന് ഒറ്റക്ക് ഒന്നുടെ മത്സരിച്ച് ശക്തി കാണിക്കൂ, നിങ്ങള് ഉറങ്ങാനെങ്കിലും ഇത്തിരി സമയം കണ്ടെത്തൂ ആരോഗ്യമൊക്കെ സൂക്ഷിക്കണ്ടേ...

നിലമ്പൂർ മുഖ്യമന്ത്രി ആവാനുള്ളതല്ലേ, ഇന്നലെയും ഇന്നുമായി പെയ്തു കൊണ്ടിരിക്കുന്നത് മഴയല്ല, അംബുക്കാന്റെ കണ്ണീരാണ്,ആ പിസിയെ കൂടെ കുട്ടി ഒരു ഉടായിപ്പ് മുന്നണി തട്ടി കുട്ടിയാലോ ?' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

നിലപാട് വ്യക്തമാക്കാൻ ഇന്ന് താൻ മാദ്ധ്യമങ്ങളെക്കാണുമെന്ന് ഇന്നലെയാണ് അൻവർ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്നുരാവിലത്തെ വാർത്താസമ്മേളനവും ഫേസ്ബുക്കിൽ ലൈവ് ചെയ്തിരുന്നു. യുഡിഎഫിലേക്ക് ഇനിയില്ലെന്നാണ് പി വി അൻവ‌ർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. താൻ ഇല്ലാതെ യുഡിഎഫ് നിലമ്പൂരിൽ ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യുഡിഎഫ് വലിയ വില കൊടുക്കേണ്ടിവരുമെന്നും അൻവർ പറഞ്ഞു.

'അഹങ്കാരത്തിന് കെെയും കാലും വച്ച നേതാവാണ് വി ഡി സതീശൻ. കെ സി വേണുഗോപാലിനെ കാണാൻ പോലും സതീശൻ അനുവദിച്ചില്ല. മത്സരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ എന്റെ കെെയിൽ അഞ്ച് പെെസയില്ല. പിവി അൻവർ ഇല്ലാതെ യുഡിഎഫ് ജയിക്കില്ല. വി ഡി സതീശന് പിന്നിൽ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട്. പി വി അൻവറില്ലാതെ നിലമ്പൂർ ജയിപ്പിക്കാമെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതാണ് യുഡിഎഫിൽ എന്നെ എടുക്കാത്തത്. ഇനി എന്നെ ആരും വിളിക്കേണ്ട. ഞാൻ യുഡിഎഫിലേക്ക് ഇല്ല. മത്സരിച്ചില്ലെങ്കിൽ ഞാൻ വീട്ടിൽ ഇരിക്കും. എനിക്ക് അതിൽ പ്രശ്നമില്ല. എന്റെ ഒപ്പമുള്ളത് സാധാരണക്കാരാണ്. യുഡിഎഫിലുള്ള വിശ്വാസം നഷ്ടമായി. ജനങ്ങൾ സർക്കാരിന് എതിരാണ് എന്ന് കേരള സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് ഞാൻ രാജിവച്ചത്. മലയോരത്ത് പ്രശ്നമുണ്ട്. ഒരു കുടിയേറ്റ കർഷകൻ ഇവിടെ സ്ഥാനാർത്ഥിയാകണം എന്നാണ് ഞാൻ പറഞ്ഞത്. അതിൽ തെറ്റ് ഉണ്ടോ?'- അൻവർ ചോദിച്ചു.