3.5 കോടിയുടെ വികസനം കടമ്പ്രയാർ ടൂറിസം പദ്ധതിക്ക് പുനർജന്മം

Sunday 01 June 2025 12:51 AM IST
കടമ്പ്രയാർ വികസന പദ്ധതി

കിഴക്കമ്പലം: നവ കേരള സദസിന് സമർപ്പിച്ച കടമ്പ്രയാർ വികസന പദ്ധതിക്ക് അംഗീകാരം. 3.5 കോടി രൂപയുടെ വികസനം വരുന്നതോടെ കടമ്പ്രയാർ ടൂറിസം പദ്ധതിയുടെ പുനർജന്മത്തിന് വഴിയൊരുങ്ങി. ദേശാടനപ്പക്ഷികൾ ധാരാളമായി എത്തുന്ന കടമ്പ്രയാർ തീരങ്ങൾ സഞ്ചാരികളുടെ പറുദീസയാണ്.

കടമ്പ്രയാർ വിനോദസഞ്ചാരകേന്ദ്രം അടിമുടി മാറുന്ന പദ്ധതികളാണൊരുങ്ങുന്നത്. നിലവിലുള്ള റെസ്റ്റോറന്റ് പുതുക്കി പണിയും. വാക്ക് വേ 5 മീറ്റർ വീതിയിലാക്കും. പ്രവേശന കവാടം നിർമ്മിക്കാനും നിയോൺ, എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് മോടി കൂട്ടാനും തുക വിനിയോഗിക്കും. നിലവിലുള്ള കുക്ക്ഡ് ആൻഡ് കുക്ക്ഡ് റസ്റ്റോറന്റ് കടൽ കായൽ മത്സ്യ വിഭവങ്ങളുമായി ഭക്ഷണ പ്രിയർക്ക് ഇഷ്ടതാവളമായി മാറികഴിഞ്ഞു. റസ്റ്റോറന്റ് വിപുലീകരിക്കുന്നതോടെ സൗത്ത് ഇന്ത്യൻ നോർത്ത് ഇന്ത്യൻ വിഭവങ്ങളൊരുക്കി സഞ്ചാരികളെ കൂടുതൽ ആകർഷിക്കുകയാണ് ലക്ഷ്യം. ഇറിഗേഷൻ, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാകും വികസന പ്രവർത്തനങ്ങൾ നടത്തുക.

2010ൽ പ്രവർത്തനം തുടങ്ങിയ കടമ്പ്രയാർ ടൂറിസം പദ്ധതി അ​റ്റകു​റ്റപ്പണികളുടെ അഭാവത്താൽ ആകെ തകർന്ന നിലയിലാണ്.

ടൂറിസം സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇനി നടത്തുക. ജില്ലയിലെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്​റ്റുകളെ ആകർഷിക്കുന്ന വിധം ജലകേളീ വിനോദങ്ങൾക്ക് പ്രാധാന്യം നൽകും.

പ്രധാന പദ്ധതികൾ

പായലും പോളയും നീക്കി ആറിന് ആഴംകൂട്ടും

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് സൗകര്യമൊരുക്കും

പ്രധാന ഡെസ്​റ്റിനേഷൻ പോയിന്റാക്കി മാ​റ്റും

ബോട്ടിംഗ് പുന:സ്ഥാപിക്കും.

മനക്കക്കടവിൽ നിന്ന് ബോട്ട് സർവീസ് തുടങ്ങും

ആറിനെ കെട്ടിസംരക്ഷിക്കാനും പദ്ധതി

സാഹസിക വിനോദസഞ്ചാര പദ്ധതികളും നടപ്പാക്കും

രണ്ടു പ്രളയങ്ങൾ തകർത്തെറിഞ്ഞ കടമ്പ്രയാർ ടൂറിസത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് ദ്റുതഗതിയിൽ നടപ്പാക്കും. ജില്ലയിലെ ഏ​റ്റവും മികച്ച പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര ഇടനാഴിയായി കടമ്പ്രയാർ പുഴയോരത്തെ മാ​റ്റുന്നതിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാവും. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുഖ്യ പരിഗണന.

അഡ്വ. പി.വി. ശ്രീനിജിൻ

എം.എൽ.എ