'എന്റെ  ജോലി  എനിക്ക്  നന്നായി  അറിയാം,  ഞാൻ  ഇവിടെയുണ്ട്'; കോച്ചിന് നൽകിയ ഉറപ്പിന് പിന്നാലെ കളി മാറ്റിമറിച്ച് ബുംറ, വീഡിയോ

Saturday 31 May 2025 5:44 PM IST

മുള്ളൻപൂർ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗുജറാത്ത് - മുംബയ് എലിമിനേറ്റർ പോരാട്ടത്തിനിടെ നിർണായകമായ നിമിഷമായിരുന്നു വാഷിംഗ്ടൺ സുന്ദറിന്റെ പുറത്താകൽ. ജസ്‌പ്രീത് ബുംറയുടെ കിടിലൻ യോർക്കർ പ്രതിരോധിക്കാനാക്കാതെ സുന്ദർ ക്ലീൻ ബൗൽഡ് ആകുകയായിരുന്നു. ഇതിന് തൊട്ടുമുൻപ് ബൗണ്ടറി ലെെനിൽ നടന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

മത്സരത്തിനിടെ മുംബയ് ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർധനയെ സമാധാനിപ്പിച്ചു വിടുന്ന ബുംറയെ വീഡിയോയിൽ കാണാം. ഗുജറാത്ത് ബാറ്റിംഗിനിടെ മത്സരം സ്വന്തമാക്കാൻ മുംബയ് താരങ്ങൾ പരിശ്രമിക്കുന്നതിനിടെയാണ് ബാറ്റിംഗ് പരിശീലകൻ കീറൺ പൊള്ളാർഡും ജയവർധനയെയും ബൗണ്ടറി ലെെനിന് സമീപത്ത് എത്തിയത്. ഇവരോട് സംസാരിക്കുന്നതിനിടെ കുഴപ്പമില്ലെന്ന ഭാവത്തിൽ ബുംറ കെെകൾ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. ഇതോടെ ജയവർധനെയും പൊള്ളാർഡും ടീമിന്റെ ഡഗ്ഔട്ടിലേക്ക് മടങ്ങിപ്പോയി.

'എന്റെ ജോലി എനിക്ക് നന്നായി അറിയാം. ഞാൻ ഇവിടെയുണ്ട്. എനിക്ക് ഒരു അവസരം തന്ന് സമാധാനത്തോടെ ഇരിക്കൂ' - എന്നാണ് ബുംറ പറഞ്ഞയുന്നതെന്ന് കമന്ററിക്കിടെ ജതിൻ സാപ്രു പറഞ്ഞു. എന്തായാലും ബുംറയുടെ നിർണായക പ്രകടനത്തിലൂടെ തന്നെ കളി മുംബയ് ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയ ശേഷം ഗുജറാത്തിനെ 208/6ൽ ഒതുക്കുകയായിരുന്നു.