ബുള്ളറ്റുകൾക്കെതിരെ കാശ്മീരിലേക്ക് മലയാളികളുടെ ബുള്ളറ്റ് യാത്ര
കൊച്ചി: തീവ്രവാദികളുടെ ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റ് ബൈക്കുമായി ഒരുകൂട്ടം മലയാളികളുടെ ദേശീയോദ്ഗ്രഥന യാത്രയ്‌ക്ക് ഇന്ന് കാലടിയിൽ തുടക്കമാകും. ആദിശങ്കരന്റെ ജന്മസ്ഥലത്തുനിന്ന് കാശ്മീർ കുപ്പുവാര ജില്ലയിലെ ടീത്വാളിലേക്കാണ് 12 ദിവസം നീണ്ടുനിൽക്കുന്ന ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് തുടങ്ങിയ ഫേസ് ബുക്ക് പേജിൽ നിന്ന് ഉരുത്തിരിഞ്ഞ 'ചലോ എൽ.ഒ.സി" എന്ന സംഘടനയാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡറും ഉൾപ്പെടെ 43 പേരാണ് യാത്രയിൽ അണിചേരുന്നത്. അതിൽ വീട്ടമ്മമാരും കർഷകരും പ്രൊഫഷണലുകളുമുണ്ട്. ഓരോരുത്തരും സ്വന്തം ചെലവിലാണ് യാത്രയിൽ പങ്കെടുക്കുക. ഈ മാസം11ന് സംഘം ടീത്വാളിൽ എത്തും. ഇന്നത്തെ പാക്ക് അധീന കാശ്മീരിൽ ശങ്കരാചാര്യർ സ്ഥാപിച്ച ശാരദാക്ഷേത്രമാണ് യഥാർത്ഥ ലക്ഷ്യമെങ്കിലും സുരക്ഷാകാരണങ്ങളാൽ ഇന്ത്യ- പാക് അതിർത്തിയിലെ നിയന്ത്രണരേഖയായ കിഷൻഗംഗാ നദിതീരത്ത് യാത്ര അവസാനിപ്പിക്കും. ദിവസവും പുലർച്ചെ 4.30ന് ആരംഭിച്ച് രാത്രി 8ന് അവസാനിക്കുന്ന രീതിയിൽ ശരാശരി 500 കിലോമീറ്റർ എന്ന തോതിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളം പിന്നിടുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ യാത്രയിൽ അണിചേരും. കാശ്മീരിൽ എത്തുമ്പോൾ സംഘത്തിൽ 100പേർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു. ചലോ എൽ.ഒ.സി പ്രസിഡന്റ് മണി കാർത്തിക്, റൈഡർ ക്യാപ്ടൻ ആർ. രാമനന്ദ്, കോർകമ്മിറ്റി അംഗം നിഷാന്ത് കയ്യൂർ, ട്രഷറർ കെ.എസ്. സുമേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.