അവധിക്ക് വിട... നാളെ സ്‌കൂൾ തുറക്കും സമ്മാനങ്ങളോടെ വരവേൽക്കാൻ അദ്ധ്യാപകർ

Sunday 01 June 2025 12:16 AM IST
വേനലവധിക്ക് വിട നൽകി കാലവർഷപ്പെയ്‌ത്തിനിടെ വീണ്ടും സ്‌കൂളുകൾ തുറക്കുന്നു

കൊച്ചി: വേനലവധിക്ക് വിട നൽകി കാലവർഷപ്പെയ്‌ത്തിനിടെ വീണ്ടും സ്‌കൂളുകൾ തുറക്കുന്നു. നാളെയാണ് സ്‌കൂൾതുറക്കലും പ്രവേശനോത്സവവും. പുതിയ അദ്ധ്യയനവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് സ്‌കൂളുകൾ. മഴമൂലം പ്രവേശനോത്സവം നീട്ടിവച്ചേക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്നലെ മഴ കുറഞ്ഞതോടെ പ്രവേശനോത്സവം നടക്കുമെന്ന് ഉറപ്പായി.

തിങ്കളാഴ്ച സ്‌കൂളിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വൈവിദ്ധ്യമാർന്ന തയ്യാറെടുപ്പുകളാണ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടക്കുന്നത്.

ജില്ലയിൽ സ്‌കൂൾ തുറക്കലിന് മുന്നോടിയായുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും അനുബന്ധ നടപടികളും പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഒന്നുമുതൽ 10 വരെയുള്ള 992 സ്‌കൂളുകളുടെയും ഒന്നുമുതൽ പ്ലസ്ടുവരെയുള്ള 1121 സ്‌കൂളുകളുടെയും പരിശോധനയാണ് പൂർത്തിയായത്. സ്‌കൂൾ ബസുകളുടെ പരിശോധനയും പൂർത്തിയായി. പോരായ്മകൾ കണ്ടെത്തിയ വാഹനങ്ങൾ ഉടനടി പ്രശ്നം പരിഹരിച്ച് വീണ്ടും ഹാജരാക്കാനും നിർദ്ദേശിച്ചു.

പരിസരം വൃത്തിയാക്കിയും മരങ്ങളുടെ ചില്ലകളൊതുക്കിയും അറ്റകുറ്റപ്പണി തീർത്തുമാണ് സ്കൂളുകൾ ഫിറ്റ്‌നസ് നേടിയത്. മഴമൂലം ശുചീകരണ, അറ്റകുറ്റപ്പണികൾ തീരാനുള്ള സ്‌കൂളുകളോട് അടിയന്തരമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി.

പ്രവേശനോത്സവം വെസ്റ്റ് കടുങ്ങല്ലൂരിൽ

സ്‌കൂൾതലത്തിലും 14 ഉപജില്ലാതലത്തിലും ജില്ലാതലത്തിലുമാണ് ഇത്തവണ പ്രവേശനോത്സവം. സംസ്ഥാന പ്രവേശനോത്സവം നടന്നതിനാൽ കഴിഞ്ഞതവണ ജില്ലാ പ്രവേശനോത്സവം ഉണ്ടായിരുന്നില്ല. ഇത്തവണ വെസ്റ്റ് കടുങ്ങല്ലൂർ ഗവ. ഹൈസ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം. രാവിലെ 9ന് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം സ്‌ക്രീൻ ചെയ്യും. ഇതിനു ശേഷം നടക്കുന്ന പ്രവേശനോത്സവം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനാകും. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് സേതു അക്ഷര ദീപം തെളിയിക്കും.

ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ എന്നിവർ സംബന്ധിക്കും.

പ്രവേശനഗാനം ഹൈലൈറ്റ്

കൊട്ടാരക്കര താമരക്കുടി വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി രചിച്ച പ്രവേശന ഗാനമാണ് ഇത്തവണത്തെ സ്‌കൂൾ തുറക്കലിന്റെ ഹൈലൈറ്റ്. ജില്ലായിലെ എല്ലാ പ്രവേശനോത്സവ വേദികളിലും ഭദ്ര‌യുടെ ഗാനം മുഴങ്ങിക്കേൾക്കും. കഴിഞ്ഞ വർഷം രചിച്ച് ഗാനം ഇക്കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രവേശനോത്സവ ഗാനമായി അനൗൺസ് ചെയ്തത്.

ഒരുക്കങ്ങൾ വിലയിരുത്തി

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ തലങ്ങളിലായി ഇന്നലെ യോഗം ചേർന്നിരുന്നു. അദ്ധ്യാപകർ, പി.ടി.എ, വകുപ്പ് അധികൃതർ, ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗങ്ങൾ.

സ്‌കൂൾ തുറക്കലിന് എല്ലാ വിധത്തിലും ജില്ല സജ്ജമാണ്. അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. സുബിൻ പോൾ ഡി.ഡി.ഇ, എറണാകുളം.