വാട്ടർ മെട്രോബോട്ട് ജങ്കാറിൽ ഇടിച്ചു; ആളപായം ഒഴിവായി
കൊച്ചി: വൈപ്പിനിൽ വാട്ടർ മെട്രോ ബോട്ട് നിർത്തിയിട്ടിരുന്ന റോ-റോ ജങ്കാറിലിടിച്ചു. ഹൈക്കോടതി ജെട്ടിയിൽനിന്ന് വൈപ്പിനിലേക്ക് പോയ വാട്ടർമെട്രോ ബോട്ടാണ് ഇടിച്ചത്. വൈപ്പിൻ ജെട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കിൽ ബോട്ടിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ജങ്കാറിന്റെ വാഹനങ്ങൾ കയറ്റുന്ന ഭാഗത്തെ റാമ്പിന് തകരാർ സംഭവിച്ചിട്ടുണ്ട്.
രാവിലെ പത്തിന് ശേഷമാണ് അപകടമുണ്ടായത്. തുടർന്ന് മറ്റൊരു ബോട്ടിന്റെ സഹായത്തോടെ അപകടത്തിൽപെട്ട മെട്രോ ബോട്ട് ജെട്ടിയിലടുപ്പിച്ച് യാത്രക്കാരെ ഇറക്കി. മറ്റൊരു ബോട്ടെത്തിച്ചാണ് സർവീസ് തുടർന്നത്.
അന്വേഷണം ആരംഭിച്ച് മെട്രോ
ബോട്ടിടിച്ച സംഭവത്തെക്കുറിച്ച് കെ.എം.ആർ.എൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. മാനേജർ തലത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികൾ. ഇരുബോട്ടുകൾക്കും കേടുപാടുകൾ സംഭവിക്കുകയോ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നും ഒഴുക്കിന്റെ ശക്തി കുറയുംവരെ സർവീസ് മരവിപ്പിക്കുകയും അതിനുശേഷം സർവീസ് പുനരാരംഭിച്ചെന്നുമാണ് കെ.എം.ആർ.എലിന്റെ വിശദീകരണം.
നവംബറിലും മെട്രോ ബോട്ട് ഇടിച്ചു
2024 നവംബർ നാലിന് വാട്ടർ മെട്രോ ബോട്ടുകൾ തമ്മിലുരസിയിരുന്നു. ഫോർട്ടുകൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിംഗിനിടെ വേഗം കുറച്ചപ്പോഴാണ് ബോട്ടുകൾ കൂട്ടിമുട്ടിയതെന്നായിരുന്നു കെ.എം.ആർ.എല്ലിന്റെ വിശദീകരണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്ന് ജീവനക്കാർക്കെതിരെ അഭ്യന്തര നടപടി സ്വീകരിച്ചിരുന്നു. ബോട്ട് ഇടിച്ചതിന് പിന്നാലെ നവംബറിലേതിന് സമാനമായി ഇന്നലെയും കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടി. വാട്ടർ മെട്രോ സി.ഒ.ഒ സാജൻ ജോൺ ഉൾപ്പെടെയുള്ളവർ എം.ഡിയോട് കാര്യങ്ങൾ വിശദീകരിച്ചു.
മെട്രോ ജീവനക്കാരുടെ ഭാഗത്തെ പ്രശ്‌നമല്ലെന്നാണ് മനസിലാക്കുന്നത്. ശക്തമായ ഒഴുക്കാണ് ബോട്ടുരസാൻ കാരണം. അന്വേഷണം ആരംഭിച്ചു സാജൻ ജോൺ സി.ഒ.ഒ കെ.ഡബ്ല്യു.എം.എൽ