പൊലീസ് സർവീസിന് ലാസ്റ്റ് സല്യൂട്ട്...

Sunday 01 June 2025 12:33 AM IST

കൊച്ചി: ക്രമസമാധാനപരിപാലന ചുമതലയ്ക്ക് ലാസ്റ്റ്സല്യൂട്ട്. ഇന്നലെ ജില്ലയിൽ നിന്ന് വിരമിച്ചത് 91 പൊലീസ് ഉദ്യോഗസ്ഥർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റിൽ 42 പേരും എറണാകുളം റൂറൽ പരിധിയിൽ 34 പേരും പടിയിറങ്ങി. ശേഷിക്കുന്ന 15 പൊലീസ് ഉദ്യോഗസ്ഥർ സ്പെഷ്യൽ യൂണിറ്റുകളായ ക്രൈംബ്രാഞ്ച്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, റെയിൽവേ പൊലീസ് വിഭാഗങ്ങളിൽപ്പെട്ടവരാണ്.

കൊച്ചി സിറ്റിയിൽ നിന്ന് വിരമിച്ചവരിൽ ഭരണനിർവഹണവിഭാഗം ഡി.സി.പി ബിജി ജോർജ്, ഡിസ്ട്രിക്റ്റ് ഹെഡ്ക്വാ‌ർട്ടേഴ്സ് കമാൻഡന്റ് കെ. സുരേഷ്, എറണാകുളം സെൻട്രൽ എ.സി.പി സി. ജയകുമാർ എന്നിവരുൾപ്പെടും. സ്പെഷ്യൽ യൂണിറ്റിൽപ്പെട്ട സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി സി.എസ്. ഷാഹുൽ ഹമീദാണ് ജില്ലയിൽ സൂപ്രണ്ട് ഒഫ് പൊലീസ് പദവിയിൽ നിന്ന് വിരമിച്ച ഏക ഉദ്യോഗസ്ഥൻ. എ.എസ്.ഐ റാങ്കിലുള്ള നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഇന്നലെ സർവീസിൽ നിന്ന് വിരമിച്ചു. ഇവരിൽ മൂന്ന് പേർ റൂറലിലും ഒരാൾ കൊച്ചി സിറ്റിയിലുമാണ്.

നീണ്ടകാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന സഹപ്രവർത്തകർക്ക് കേരള പൊലീസ് അസോസിയേഷന്റെയും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റയും സിറ്റി, റൂറൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ എറണാകുളത്തും ആലുവയിലും കഴിഞ്ഞ 23ന് യാത്ര അയപ്പ് നൽകിയിരുന്നു. ഈ സമ്മേളനങ്ങളിൽ ജില്ലാ പൊലീസ് മേധാവികൾ പങ്കെടുത്തു. ഇന്നലെ അതാത് യൂണിറ്റുകളുടെ വകയായിട്ടായിരുന്നു യാത്ര അയപ്പ്.