ചുങ്കപ്പോര് തുടരാൻ ട്രംപ്
സ്റ്റീലിനും അലൂമിനിയത്തിനും തീരുവ 50%
കൊച്ചി: പകരച്ചുങ്കം കോടതി കയറിയിട്ടും പിന്മാറാതെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇത്തവണ സ്റ്റീൽ, അലൂമിനിയം എന്നിവയ്ക്ക് തീരുവ ഇരട്ടിയാക്കാനാണ് ട്രംപിന്റെ നീക്കം. നിലവിലുള്ള 25 ശതമാനത്തിൽ നിന്ന് നേരെ 50 ശതമാനം തീരുവ ചുമത്തും. ആഗോള സ്റ്റീൽ ഉത്പാദകരെ സമ്മർദ്ദത്തിലാക്കുന്ന നീക്കമാണിത്. സ്റ്റീൽ തീരുവ വർദ്ധിപ്പിക്കുന്നതോടെ വ്യാപാരയുദ്ധം മുറുകും. അമേരിക്കയിലെ സ്റ്റീൽ ഉത്പാദക കമ്പനികളെ സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് പെൻസിൽവാനിയയിലെ റാലിയിൽ പങ്കെടുക്കവെ ട്രംപ് പറഞ്ഞത്.
നിപ്പോൺ സ്റ്റീൽ, യു.എസ് സ്റ്റീൽ എന്നിവയുമായി നടത്തിയ ചർച്ചയെക്കുറിച്ച് സംസാരിക്കവെയാണ് സ്റ്റീൽ തീരുവ വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ട്രംപ് പ്രഖ്യാപിച്ചത്. ഈ കമ്പനികളുമായുള്ള 1490 കോടി ഡോളറിന്റെ വ്യാപാരക്കരാറും അമേരിക്കയിലെ സ്റ്റീൽ മേഖലയിലെ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. റാലിക്ക് ശേഷം തന്റെ സോഷ്യൽമീഡിയ പോസ്റ്റിലാണ് അലൂമിനിയത്തിനും തീരുവ വർദ്ധിപ്പിക്കുന്നതായി ട്രംപ് അറിയിച്ചത്. ജൂൺ 4 മുതൽ ഇവ പ്രാബല്യത്തിൽ വരും.
അതേസമയം, ട്രംപിന്റെ ഈ നീക്കത്തെ ലോകരാഷ്ട്രങ്ങൾ എതിർക്കുന്നു. വടക്കേഅമേരിക്കൻ സാമ്പത്തിക സുരക്ഷയ്ക്ക് എതിരാണ് ട്രംപിന്റെ ഈ പുതിയ താരിഫ് നീക്കമെന്ന് കാനഡയുടെ ചേംബർ ഒഫ് കൊമേഴ്സ് അപലപിച്ചു. നീതികരിക്കാവുന്നതല്ലെന്നും ഒരു സുഹൃത്തിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്നുമാണ് ഓസ്ട്രേലിയയുടെ മദ്ധ്യ-ഇടത് ലേബർ സർക്കാരും പറഞ്ഞു.
ഇന്ത്യൻ കമ്പനികളുടെ 456 കോടി ഡോളർ വ്യാപാരത്തെ ബാധിക്കും
യൂറോപ്യൻ യൂണിയൻ ലോകത്തിൽ ഏറ്റവും കൂടുതൽ സ്റ്റീൽ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയാണ്. 2024ൽ 2.62 കോടി ടൺ സ്റ്റീൽ ആണ് അമേരിക്ക ഇറക്കുമതി ചെയ്തത്. അമേരിക്കയിൽ മൊത്തം ഉപയോഗിക്കുന്നതിന്റെ നാലിലൊന്ന് വരുമിത്. അതുകൊണ്ട് തന്നെ തീരുവ വർദ്ധിപ്പിക്കുന്നത് രാജ്യത്തെ വ്യവസായ മേഖലയെയും ഉപഭോക്താക്കളെയും ഒരുപോലെ വലയ്ക്കുമെന്നതിൽ തർക്കമില്ല. 5. 4 ദശലക്ഷം ടൺ അലൂമിനിയമാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ 456 കോടി ഡോളർ മൂല്യമുള്ള ലോഹ കയറ്റുമതിയെ ബാധിക്കുമെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജി.ടി.ആർ.ഐ) റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
58.75 കോടി ഡോളർ - ഇരുമ്പും സ്റ്റീലും
310 കോടി യു.എസ് ഡോളർ- ഇരുമ്പ്, സ്റ്റീലൽ ഉത്പന്നങ്ങൾ
86 കോടി ഡോളർ - അലൂമിനിയം, അനുബന്ധ ഉത്പന്നങ്ങൾ
ഇന്ത്യയുമായി വ്യാപാരക്കരാറിന് താത്പര്യം
ഇന്ത്യയുമായി വ്യാപാരക്കരാർ ഉണ്ടാക്കാൻ താത്പര്യമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. പാക്കിസ്ഥാൻ പ്രതിനിധി അടുത്ത ദിവസം അമേരിക്ക സന്ദർശിക്കുന്നുണ്ടെന്നും വ്യക്തമാക്കി.