'തൃശൂർ കൂട്ടുകെട്ട്' ഏൽക്കില്ല: ടി.എൻ. പ്രതാപൻ
കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃശൂരിലേതുപോലെ സി.പി.എം-ബി.ജെ.പി രഹസ്യധാരണ ഏൽക്കില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ. ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ലാത്തത് ദുരൂഹമാണ്. എന്നിരുന്നാലും നിലമ്പൂർ യു.ഡി.എഫിനൊപ്പം അടിയുറച്ചുനിൽക്കും. പി.വി. അൻവർ ഇന്നല്ലെങ്കിൽ നാളെ അൻവർ യു.ഡി.എഫിനൊപ്പം ചേരുമെന്നും പ്രതാപൻ പറഞ്ഞു. അതേസമയം, കപ്പൽ മുങ്ങിയ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ പ്രഖ്യാപിച്ച 1000 രൂപയും ആറ് കിലോ അരിയും മത്സ്യത്തൊഴിലാളി കോൺഗ്രസ് അംഗങ്ങൾ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയകാലത്ത് സർക്കാർ പ്രഖ്യാപിച്ച ധനസഹായം തിരികെ കൊടുത്തവരാണ് മത്സ്യത്തൊഴിലാളികൾ. അവർക്ക് പിച്ചക്കാശും പിച്ച അരിയും നീട്ടുന്നതു പോലെയായി സർക്കാർ പ്രഖ്യാപനം. പട്ടിണിമാറ്റാൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നുംപ്രതാപൻ പറഞ്ഞു.