അര മണിക്കൂർ കൂടുതൽ ക്ളാസ് , ഹൈസ്കൂളിന് 6 ശനി പ്രവൃത്തിദിനം; അദ്ധ്യയന വർഷത്തിന് നാളെ തുടക്കം

Sunday 01 June 2025 12:21 AM IST

തിരുവനന്തപുരം: പുതിയ സമയക്രമവുമായി പുതിയ അദ്ധ്യയനവർഷം നാളെ തുടങ്ങുന്നു. ഹൈസ്കൂളിന് രാവിലെയും വൈകിട്ടും 15 മിനിട്ട് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45 ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്‌കൂൾ അക്കാഡമിക കലണ്ടർ സംബന്ധിച്ച ഉത്തരവിൽ മന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു.

1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാൻ ആറ് ശനിയാഴ്ചകൾ ഹൈസ്കൂളിന് പ്രവൃത്തിദിനമായിരിക്കും. തുടർച്ചയായി ആറ് പ്രവൃത്തിദിനങ്ങൾ വരാത്ത ആഴ്ചകളിലായിരിക്കും ശനി ക്ളാസ്. ഇങ്ങനെ 204 പ്രവൃത്തിദിനങ്ങളാണ് ഉറപ്പാക്കുന്നത്. യു.പി ക്ളാസുകളിൽ ആയിരം മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാൻ രണ്ട് ശനിയാഴ്ച ക്ളാസും ഏ‌ർപ്പെടുത്തും.

ഹയർ സെക്കൻ‌ഡറിക്ക് നിലവിൽ രാവിലെ ഒൻപത് മുതൽ 4.45 വരെയാണ് ക്ളാസ്. ഹൈസ്കൂൾ ക്ളാസുകളിൽ വെള്ളിയാഴ്ചയൊഴികെ അദ്ധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർദ്ധിപ്പിക്കാമെന്ന് വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി ശുപാർശ ചെയ്തിരുന്നു. 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള നീക്കത്തെ എതിർക്കുകയും ചെയ്തു.

സ്കൂളുകൾക്ക് ആശങ്ക

സമയക്രമം മാറുന്നത് പ്രവർത്തനം താളം തെറ്റിക്കുമെന്ന് സ്കൂളുകൾ. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ളാസുകളുള്ളിടത്തും യു.പിയും ഹൈസ്കൂളും ഒരുമിച്ചുള്ളിടത്തും രണ്ട് വിഭാഗത്തിന് രണ്ട് സമയക്രമം ബുദ്ധിമുട്ടാകും. സ്കൂൾ അസംബ്ളി, പ്രാർത്ഥന, വാഹന സൗകര്യം എന്നിവ താളംതെറ്റുമെന്നാണ് പരാതി.

കൂടുതൽ ശനിയാഴ്ചകൾ അദ്ധ്യയനദിനങ്ങളാക്കുന്നത് കുട്ടികളിൽ മാനസിക സമ്മ‌ർദ്ദമുണ്ടാക്കുമെന്ന വിദഗ്ധസമിതി നിർദ്ദേശപ്രകാരമാണ് ഹൈസ്കൂളിന്റെ സമയക്രമത്തിൽ മാറ്റംവരുത്തിയത്

എസ്.ഷാനവാസ്,

പൊതുവിദ്യാഭ്യാസ ഡയറക്ടർ