ഒറ്റയാൻ ഒടുവിൽ വനത്തിലേക്ക്

Sunday 01 June 2025 1:28 AM IST
കഞ്ചിക്കോട് ദിവസങ്ങളായി നാട്ടിലിറങ്ങി ഭീതി പരത്തിയ ഒറ്റയാനെ വനം വകുപ്പിന്റെ പ്രത്യേക സംഘം നാട്ടുകാരുടെ സഹായത്തോടെ വനത്തിനുള്ളിലേക്ക് ഓടിക്കുന്നു.

കഞ്ചിക്കോട്: ദിവസങ്ങളായി ഗ്രാമങ്ങളിൽ ഭീതി വിതച്ച ഒറ്റയാനെ വനം വകുപ്പിന്റെ പ്രത്യേക സംഘം നാട്ടുകാരുടെ സഹായത്തോടെ വനത്തിന് അകത്തേക്ക് തുരത്തി ഓടിച്ചു. ധോണിയിൽ നിന്ന് എത്തിച്ച കുങ്കി ആനയുടെ കൂടി സഹായത്തോടെ എട്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഒറ്റയാനെ കാട് കയറ്റിയത്. ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ ആനയെ തുരത്തൽ യജ്ഞം ഉച്ച കഴിഞ്ഞ് 3 മണി വരെ തുടർന്നു. ചുള്ളിമട, പയറ്റുകാട് പ്രദേശങ്ങളിൽ തലങ്ങും വിലങ്ങും ഓടിയ ആനയെ ഒരുവിധത്തിൽ വനത്തിലേക്ക് ഓടിച്ച് കയറ്റിപ്പോൾ ആണ് നാട്ടുകാർക്ക് ശ്വാസം വീണത്. ഒറ്റയാൻ ഇനിയും വരുമോ എന്ന ആശങ്ക ഇപ്പോഴും മേഖലയിൽ നിലനിൽക്കുന്നുണ്ട്. പല ഘട്ടത്തിലും ആന പ്രകോപിതനായി എങ്കിലും അക്രമാസക്തനായില്ല എന്നത് ആശ്വാസകരം ആയി.

എട്ട് മണിക്കൂർ നീണ്ട ശ്രമം വനം വകുപ്പ് പ്രത്യേകം പരിശീലനം സിദ്ധിച്ച സംഘം ആണ് ആനയെ ഓടിക്കാൻ നേതൃത്വം നൽകിയത്. ഒപ്പം കഞ്ചിക്കോട്ടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഉണ്ടായിരുന്നു. പടക്കം പൊട്ടിച്ചും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും ആണ് ആനയെ ഓടിച്ചത്. പക്ഷേ ആദ്യ ഘട്ടത്തിൽ ഉദ്ദേശിച്ച ദിശയിലേക്ക് ആനയെ ഓടിക്കാൻ കഴിഞ്ഞില്ല. ജനവാസ മേഖലയിലൂടെ ഓടിയ ആന നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. ചുള്ളിമടയിൽ നിന്നും ഓടിയ ആന ആലാമരം ഭാഗത്തിന് അടുത്ത് വരെ എത്തി. ദേശീയ പാതയിലേക്ക് ആന കയറിയാൽ വലിയ പ്രശ്നമാകും എന്ന് തിരിച്ചറിഞ്ഞ വനം വകുപ്പ് സംഘം ആനയെ എതിർ ദിശയിലേക്ക് ഓടിച്ചു. ജനവാസ മേഖലയിലൂടെ ഓടിയ ആന വനത്തിനകത്തേക്ക് പോകാൻ കൂട്ടാക്കിയില്ല. കുങ്കി ആനയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത് കൊണ്ട് ഒറ്റയാൻ പിന്നോട്ട് പോയില്ല. ഒടുവിൽ മൂന്ന് വശത്ത് നിന്നും റബ്ബർ ബുള്ളറ്റ് പായിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത് ആനയെ വനത്തിന് അരികിലേക്ക് കൊണ്ട് പോവുകയായിരുന്നു. പിന്നീട് വനത്തിന് അകത്തേക്ക് കയറ്റുവിട്ടു.