വിദ്യാലയങ്ങളിൽ ലഹരിമാഫിയയെ തുരത്തും... മക്കളെ കാക്കാൻ 'രക്ഷാകവചം'
തിരുവനന്തപുരം: ലഹരിമാഫിയയിൽ നിന്ന് കുട്ടികളെ കാക്കാൻ 'രക്ഷാകവചം' ഒരുക്കി എക്സൈസും പൊലീസും. സ്കൂളുകളിൽ ലഹരിവിൽപ്പന കണ്ടെത്താൻ മഫ്‌ത്തിയിൽ നിരീക്ഷണവും ക്യാമ്പസുകളിൽ മിന്നൽറെയ്ഡുകളും ലഹരിയുപയോഗം കണ്ടെത്താൻ കിറ്റുപയോഗിച്ച് ഉമിനീർ പരിശോധനയുമുണ്ടാവും. സ്കൂളുകൾക്കടുത്ത് ലഹരിവിൽക്കുന്ന 10കടകളുടെ ലൈസൻസ് അടുത്തിടെ റദ്ദാക്കി. സ്ഥിരം ലഹരിവിൽപ്പനക്കാരെ കേന്ദ്രനിയമമായ പിറ്റ്-എൻ.ഡി.പി.എസ് ചുമത്തി വിചാരണയില്ലാതെ രണ്ടുവർഷം കരുതൽ തടങ്കലിലാക്കും. ലഹരിക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടും.
1140സ്കൂളുകൾക്കടുത്ത് ലഹരിയിടപാടുകളുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. 104സ്കൂളുകൾ തീവ്രലഹരിയുപയോഗമുള്ള ഹോട്ട്സ്പോട്ടുകളാണ്. തിരുവനന്തപുരത്താണ് ഏറ്റവുമധികം-43. സ്കൂളുകളിൽ 325കുട്ടികളുടെ ലഹരിയുപയോഗം കണ്ടെത്തിയിരുന്നു. കോളേജ് വിദ്യാർത്ഥികളിൽ 31.8%ലഹരിയുപയോഗിക്കുന്നു. ലഹരിയുപയോഗം തിരിച്ചറിയാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി. സ്റ്റുഡന്റ്പൊലീസിലടക്കമുള്ള കുട്ടികളുടെ പിയർഗ്രൂപ്പുണ്ടാക്കി.
വിദ്യാർത്ഥികൾക്ക് ലഹരിയെത്തിച്ചതായി രണ്ടുകേസുകളെങ്കിലുമുള്ളവരെ കരുതൽ തടങ്കലിലാക്കും. 1681ലഹരികടത്തുകാരുടെ പട്ടികയുണ്ടാക്കിയിട്ടുണ്ട്. കുറ്റകൃത്യം ആവർത്തിക്കുന്നവരെ കേന്ദ്രനിയമം ചുമത്തി തടങ്കലിലാക്കും. അദ്ധ്യാപകർ, പി.ടി.എ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവരടങ്ങിയ നിരീക്ഷണ, ജാഗ്രതാസമിതികളും ലഹരിവിരുദ്ധ ക്ലബുകളുമുണ്ടാവും. ലഹരിയുപയോഗിച്ചാലുള്ള ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കും.
ക്യാമ്പസുകളിൽ റെയ്ഡിന് പൊലീസിനും എക്സൈസിനും മുൻകൂർഅനുമതി ആവശ്യമില്ല. ഹോസ്റ്റലുകളിൽ നിരന്തരം പരിശോധനകളുണ്ടാവും. ലഹരിയിടപാടുകാരുടെ ഫോൺവിവരങ്ങൾ എക്സൈസിന് പൊലീസ് ചോർത്തിനൽകും. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ലഹരിയിടപാടുകൾ തടയാൻ സൈബർപട്രോളുണ്ടാവും. 1,80,000അദ്ധ്യാപകരെ ലഹരികണ്ടെത്താൻ പരിശീലിപ്പിച്ചു.
കരുതലും കവചവും
കുട്ടികളിലെ ലഹരിയുപയോഗം കണ്ടെത്താനും സ്വഭാവവ്യതിയാനം തിരിച്ചറിയാനും എല്ലാ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കവചം, കരുതൽ എന്നീ ഹാൻഡ്ബുക്കുകൾ എക്സൈസ് നൽകും.
ലഹരിയുപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ രഹസ്യമായി കൗൺസലിംഗും ചികിത്സയും നൽകും. ഇവർക്കെതിരേ കേസെടുക്കില്ല. കോളേജ് ഹോസ്റ്റലുകളിലെ ലഹരിവിൽപ്പനയും പിടികൂടും. പ്ലസ്ടുവിൽ പ്രത്യേകജാഗ്രത.
നേർവഴി കാട്ടാം
സ്കൂളുകളിലെ ലഹരിവിവരങ്ങൾ അറിയിക്കാൻ 'നേർവഴി' ഹെൽപ്പ്‌ലൈനുകൾ തുറന്നു. നമ്പർ:
965617 8000
944717 8000
70%
യുവാക്കളും ലഹരി ഉപയോഗം തുടങ്ങിയത് 10-15 പ്രായത്തിൽ
38.16%
പേർ സുഹൃത്തുക്കളെ ലഹരി ഉപയോഗത്തിന് പ്രലോഭിപ്പിക്കുന്നു
80%
കൗമാരക്കാർ കൂട്ടുകാർക്കൊപ്പം ലഹരി ഉപയോഗിക്കുന്നുണ്ട്
ശ്രദ്ധിക്കേണ്ട മാറ്രങ്ങൾ
1)സംസാരംകുറയൽ
2) മുറിയടച്ചിരിക്കൽ
3)വിശപ്പില്ലായ്‌മ
4)അമിതദേഷ്യം
5)അമിതവിയർപ്പ്
6)ദേഹോപദ്രവം
7)അസ്വാഭാവികഗന്ധം
8)മുടി-നഖം പറിക്കൽ
''വിദ്യാർത്ഥികൾക്ക് ലഹരിയെത്തിക്കുന്നവരെ പൂട്ടും. രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും വിവരങ്ങൾ കൈമാറണം. ഇവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും.''
-എസ്.ദേവമനോഹർ
അഡി.എക്സൈസ് കമ്മിഷണർ
തലമുറകളുടെ രക്ഷയ്ക്ക്
''ലഹരിയുടെ പിടിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ വരുംതലമുറകളാകെ തകർന്നടിഞ്ഞുപോവും. അമ്മമാരുടെ കണ്ണീരുണക്കാനും കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാനും ലഹരിക്കണ്ണികൾ പൊട്ടിച്ചേ പറ്റൂ.''
-പിണറായി വിജയൻ, മുഖ്യമന്ത്രി
(നിയമസഭയിൽ പറഞ്ഞത്)
ലഹരിയ്ക്കെതിരെ നെയിംസ്ലിപ്പ്
തിരുവനന്തപുരം: ലഹരിയ്ക്കെതിരെ അവബോധം ശക്തമാക്കുന്നതിന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിംസ്ലിപ്പ് പുറത്തിറക്കുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നെയിംസ്ലിപ്പ് വിതരണം ചെയ്യും. സിനിമ, സ്പോർട്സ് താരങ്ങളുടെ കാരിക്കേച്ചറിൽ കുട്ടികൾക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും ബുക്കുകൾ നോക്കുന്നതിലൂടെ ഇതിലെ സന്ദേശം കുട്ടികളിലേക്കെത്തുന്നു. ഡ്രഗ്സ്കൺട്രോൾ വകുപ്പ് ആലപ്പുഴയിൽ നെയിംസ്ലിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന്റെ വിജയത്തെ തുടർന്നാണ് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്.