സൂപ്രണ്ടിംഗ് എൻജിനിയറുടെ വീട്ടിലെ റെയ്ഡ് പുറത്തുവന്നത് അഴിമതിയുടെ ഒരറ്റം മാത്രം: രമേശ് ചെന്നിത്തല

Sunday 01 June 2025 12:48 AM IST
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​അ​ഴി​മ​തി​ക്കും​ ​കൊ​ള്ള​യ്ക്കു​മെ​തി​രെ​ ​ഡി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​ജ​ന​കീ​യ​ ​ഉ​പ​രോ​ധം​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ര​മേ​ശ്‌​ ​ചെ​ന്നി​ത്ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട് : കോർപ്പറേഷനിലെ അഴിമതിയുടെ ഒരറ്റം മാത്രമാണ് സൂപ്രണ്ടിംഗ് എൻജിനിയറുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിലൂടെ പുറത്ത് വന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോർപ്പറേഷന്റെ കമ്മിഷൻ കൊള്ളയ്ക്കും അഴിമതിക്കുമെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ കോർപ്പറേഷൻ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി ഭരണത്തിന്റെ അഴിമതി തുടർച്ചയുടെ ഭാഗമാണ് കോഴിക്കോട് കോർപ്പറേഷനിലും നടക്കുന്നത്. കമ്മിഷൻ ഭരണമാണ് കോർപ്പറേഷൻ നടത്തുന്നത്. കമ്മിഷനും കൊള്ളയടിയും തുടരുന്നവർ വാർഡ് വിഭജിച്ച് വീണ്ടും ഭരണം പിടിക്കാൻ ശ്രമിക്കുകയാണ്. ജനത്തെ ഇനിയും വിഡ്ഢികളാക്കാനാവില്ല. ഇതുവരെ കൊള്ളയടിച്ച ഒരോ രൂപയ്ക്കും കോർപ്പറേഷൻ മറുപടി നൽകേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു. കോർപ്പറേഷൻ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച കോൺ. പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമിച്ചത് നേരിയ ഉന്തും തള്ളിനും ഇടയാക്കി. രാവിലെ പെയ്ത കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് 12മണിയോടെ ഉപരോധം സമാപിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി, അഡ്വ. ടി. സിദ്ദിഖ് എം.എൽഎ, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് എം.എ റസാഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, പി.എം നിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത സ്വാഗതവും കൗൺസിലർ എസ്.കെ അബൂബക്കർ നന്ദിയും പറഞ്ഞു.