മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ
കൊച്ചി: മുൻ മാനേജർ ചങ്ങനാശേരി സ്വദേശി വിപിൻ കുമാറിനെ താൻ മർദ്ദിച്ചെന്ന് തെളിഞ്ഞാൽ സിനിമാഭിനയം അവസാനിപ്പിക്കാമെന്ന് നടൻ ഉണ്ണി മുകുന്ദൻ. തർക്കത്തിനിടെ വിപിന്റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞെന്നത് ശരിയാണ്. അത് വൈകാരികമായി സംഭവിച്ചതാണെന്നും വാർത്താസമ്മേളനത്തിൽ ഉണ്ണി പറഞ്ഞു. വിപിൻ തന്നെക്കുറിച്ച് മോശമായി പലതും പറഞ്ഞു പരത്തിയിരുന്നു. ഒരു നടിയുമായി ബന്ധപ്പെട്ട വിഷയമാണ് വിപിനുമായി സംസാരിച്ചത്. ടൊവിനോയുടെ സിനിമ 'നരിവേട്ട"യുടെ പോസ്റ്റർ ഷെയർ ചെയ്തതിനാണ് മർദ്ദിച്ചതെന്നത് കള്ളക്കഥയാണ്. അടുത്ത സുഹൃത്താണ് ടൊവിനോ. തങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമമായിരുന്നു ഇത്. രണ്ട് സ്ത്രീകൾ വിപിനെതിരെ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി വെളിപ്പെടുത്തി. കേസിൽ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യഹർജി എറണാകുളം അഡി. സെഷൻസ് കോടതി തീർപ്പാക്കി.