@ കനത്ത മഴ, വിലക്ക് മീനിന് ക്ഷാമം, ഉള്ളതിന് തീവില

Sunday 01 June 2025 12:02 AM IST
മീനിന് ക്ഷാമം

കോഴിക്കോട്: കനത്ത മഴ, കടലിൽ പോകാൻ വിലക്ക്, കൊച്ചിയിൽ കപ്പൽ മുങ്ങിയതിനെത്തുടർന്ന് രാസവസ്തുക്കൾ ജലത്തിൽ കലർന്നെന്ന ആശങ്ക... ട്രോളിംഗ് നിരോധനത്തിന് പത്തുദിവസം മുന്നേ മത്സ്യബന്ധന ബോട്ടുകളെല്ലാം കരപറ്റിയതോടെ മീനിന് കടുത്ത ക്ഷാമം. ഉള്ളവയ്ക്കാണെങ്കിൽ തീവില. മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഒൻപത് മുതലാണ് ട്രോളിംഗ് നിരോധനം തുടങ്ങുക. ഇതര സംസ്ഥാന മീൻ വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടി. അയലയും മത്തിയും പേരിന് മാത്രം. മറ്റു മീനുകളുടെ കൂട്ടത്തിൽ വല്ലപ്പോഴുമാണ് കിട്ടുന്നത്. നെയ്മീൻ, ആവോലി തുടങ്ങിയവയ്ക്ക് ആയിരം രൂപയ്ക്ക് അടുത്തായി വില. കേര, ചൂര, ചെമ്മീൻ തുടങ്ങിയവയുടെ വിലയും ഉയർന്നു. വലുപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീൻ വില തോന്നുംപോലെയാണ്. കഴിഞ്ഞ വർഷം മഴക്കാലത്തിന് മുമ്പ് 50 ശതമാനം കൂടുതൽ മത്സ്യലഭ്യത ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നന്നേ കുറഞ്ഞു. നേരത്തേ മീനുകൾക്ക് വില കുറഞ്ഞപ്പോൾ സ്റ്റോക്ക് ചെയ്തവയാണ് ഇപ്പോൾ വിൽക്കുന്നത്. ജില്ലയിലെ എല്ലാ ഹാർബറുകളിലും ഏറെക്കുറെ മത്സ്യബന്ധനം നിലച്ച മട്ടാണ്.

മത്തീ നീ പൊന്നാടാ

സാധാരണക്കാരുടെ ഇഷ്ട മീനായ മത്തിക്കിപ്പോൾ തീപിടിച്ച വിലയാണ്. മുന്നൂറിൽ തുടങ്ങി 350 രൂപ വരെയെത്തി വില. ചിലയിടങ്ങളിൽ അതിലും കൂടുതലുണ്ട്. കേരളതീരത്തുനിന്ന് കിട്ടുന്ന മത്തിക്ക് വലുപ്പമില്ലാത്തതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ പ്രധാന കാരണം. കഴിഞ്ഞ ഏഴു മാസമായി കേരളതീരത്ത് ലഭിക്കുന്നത് വളരെ ചെറിയ മത്തിയാണ്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വലിയ മത്തി എത്തുന്നുണ്ടെങ്കിലും തീപിടിച്ച വിലയാണ്. നാടൻ മത്തിയുടെ രുചി ഇവയ്ക്ക് കിട്ടാറില്ല. ഇന്ത്യൻ മത്തിയുടെ ശരാശരി നീളം 20 സെന്റിമീറ്ററാണ്. ആറുമാസമായി 12 സെന്റിമീറ്ററിൽ കൂടുതലുള്ള മത്തി കേരളതീരത്തുനിന്ന് കിട്ടുന്നില്ല. ഇതിന്റെ കാരണമറിയാൻ

കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം ആരംഭിച്ചിട്ടുണ്ട്.

നടുവൊടിഞ്ഞ് മത്സ്യമേഖല

കൊല്ലത്ത് ചരക്കുകപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളും മത്സ്യമേഖലയെ ബാധിച്ചു. മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത് മാരകമായ രാസപദാർത്ഥങ്ങളാണെന്നും മത്സ്യം കഴിക്കരുതെന്നുമാണ് പ്രചാരണം. ഇത്തരം പ്രചരണങ്ങൾ വിൽപനയെ സാരമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ചരക്കുകപ്പൽ അപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം മത്സ്യ തൊഴിലാളികളെ ബാധിച്ചതിനാൽ എല്ലാ ജില്ലകൾക്കും ഒരു പോലെ നഷ്ടപാരിഹാരം നൽകണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

മീൻ വില(കിലോ)

മത്തി- 300-350

അയല-400

ചെമ്മീൻ (ചെറുത്) -550

ചെമ്പാൻ- 200

കിളിമീൻ- 250

നെയ്മീൻ- 900

അയക്കൂറ-1000 മുകളിൽ

ചൂദ- 350

'ഇന്നലെ മഴയ്ക്ക് ശമനം വന്നതിനാൽ കുറച്ചു ബോട്ടുകൾ കടലിൽ പോയിരുന്നു. ഇനി ട്രോളിംഗ് ദിവസം വരെ മീനുകൾക്ക് തീപിടിച്ച വിലയായിരിക്കും'. മത്സ്യത്തൊഴിലാളികൾ.