ജില്ലയിൽ 250 വീടുകൾ ഭാഗികമായി തകർന്നു

Sunday 01 June 2025 12:03 AM IST

പത്തനംതിട്ട : ശക്തമായ മഴയിൽ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകൾ ഭാഗികമായി തകർന്നു. കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ രണ്ടു വീതം വീടുകൾ പൂർണമായി തകർന്നു. തിരുവല്ല താലൂക്കിൽ 12, കോഴഞ്ചേരി, കോന്നി, അടൂർ താലൂക്കുകളിൽ 10, റാന്നി താലൂക്കിൽ ഒമ്പത്, മല്ലപ്പള്ളി താലൂക്കിൽ ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച വില്ലേജുകൾ.

കെ.എസ്.ഇ.ബിക്ക് നഷ്ടം : 80.89 ലക്ഷം രൂപ

ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെ എസ് ഇ ബി യ്ക്ക് 80.89 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 149 ഹൈടെൻഷൻ പോസ്റ്റും 816 ലോടെൻഷൻ പോസ്റ്റും തകർന്നു. 1069 ട്രാൻസ്‌ഫോർമറുകളും തകരാറിലായി.

കൃഷി നാശം : 3.27 കനത്തമഴയിലും കാറ്റിലും ജില്ലയിൽ ഇതുവരെ 3.27 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടർ സ്ഥലത്ത് വിവിധ കാർഷിക വിളകൾ നശിച്ചു. 2018 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. നെല്ല്, വാഴ, റബർ എന്നിവയാണ് കൂടുതൽ നശിച്ചത്.

വിവിധ താലൂക്കുകളിൽ തകർന്ന വീടുകളുടെ എണ്ണം

അടൂർ : 72, തിരുവല്ല : 56, റാന്നി : 38, കോഴഞ്ചേരി : 37, കോന്നി : 25, മല്ലപ്പള്ളി : 22.