മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, കുരുമ്പൻമൂഴിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 50 ലക്ഷം

Sunday 01 June 2025 12:10 AM IST

റാന്നി : കുരുമ്പൻമൂഴിയിലെ താമസക്കാരായിരുന്ന 5 പട്ടികവർഗ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 2021ഒക്ടോബറിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായി വീടും വസ്തുവും നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ നൽകും. കുരുമ്പൻമൂഴി സ്വദേശികളായ പൂവത്തുംമൂട്ടിൽ സത്യൻ, കറുത്തേടത്ത് വീട്ടിൽ ഷൈനി, പൂവത്തുംമൂട്ടിൽ രാഘവൻ, പൂവത്തു മൂട്ടിൽ സരിത, ആഞ്ഞിലിമൂട്ടിൽ സാവിത്രി എന്നിവർക്കാണ് തുക അനുവദിച്ചത്.

ഇവർ നേരത്തെ താമസിച്ചിരുന്ന കൊല്ലമുള വില്ലേജിലെ കുരുമ്പൻ മുഴിയിൽ വീണ്ടും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലും സാന്നിദ്ധ്യത ഉള്ളതിനാലും മഴയത്ത് അവരുടെ വീടിന് സമീപത്ത് കൂടിയുള്ള തോട് കരകവിഞ്ഞും ഗതിമാറിയും ഒഴുകിയും കല്ലുകൾ ഉൾപ്പെടെ പതിച്ചും അപകടം ഉണ്ടാകാൻ സാദ്ധ്യത ഉള്ളതിനാലും ഇവരെ മാറ്റിപ്പാർപ്പിക്കേണ്ടതാണെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2021 മുതൽ വീട് വാടകയ്ക്ക് എടുത്ത് സർക്കാർ തന്നെ ഇവരെ താൽക്കാലികമായി മാറ്റി താമസിപ്പിച്ചിരിക്കുകയായിരുന്നു. ജില്ലാ വികസന സമിതിയുടെ അനുമതിയോടെ കോർപ്പസിൽ ഫണ്ടിൽ നിന്നുമാണ് ഇവർക്ക് വാടക നൽകി വന്നത്.