പശുപരിപാലനത്തിൽ വീട്ടമ്മയ്ക്ക് മാസവരുമാനം ഒരു ലക്ഷം

Sunday 01 June 2025 12:28 AM IST

കോഴിക്കോട്: മുത്തച്ഛൻ സിന്ധുവിന് നൽകിയത് ഒരു പശുക്കിടാവിനെ. വീട്ടമ്മയായ സിന്ധു അതിൽനിന്ന് തൊഴിലും ജീവിതവും കണ്ടെത്തി. ഇപ്പോൾ മാസവരുമാനം ഒരു ലക്ഷത്തോളം രൂപ. തീറ്റ ഉൾപ്പെടെ മറ്റു ചെലവുകൾ കഴിഞ്ഞാലും അര ലക്ഷം കൈയിലിരിക്കും. 'മന്നിങ്ങൽ' പശുഫാം ഉടമയാണ് സിന്ധു ഇപ്പോൾ. ഓമശ്ശേരി പെരുവില്ലി ചെമ്മരുതായിലാണ് ഫാം. ജോലിക്കാരില്ല.

12 ലിറ്ററിൽ തുടങ്ങിയ പാലളക്കൽ ഇപ്പോൾ 150 ലിറ്ററിലധികമായി.മെെക്കാവ് ക്ഷീരസംഘത്തിലാണ് പാൽ നൽകുന്നത്.

എച്ച്.എഫ് സങ്കരയിനം ഉൾപ്പെടെ ഇപ്പോഴുള്ള 14 എണ്ണത്തിൽ പത്തെണ്ണം കറവപ്പശുക്കളാണ്. എച്ച്.എഫ് പശുവിൽനിന്നാണ് കൂടുതൽ പാൽ കിട്ടുക. ദിവസം 21 ലിറ്റർ വരെ.

ടിമ്പർ ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് ബാബു ഒഴിവുസമയങ്ങളിൽ സഹായിക്കും. പുലർച്ചെ നാലിന് സിന്ധു ഫാമിലെത്തും. കറവയും പശുക്കളെ കുളിപ്പിക്കലും മറ്റും കഴിയുമ്പോൾ എട്ടുമണിയാകും. പിന്നീ‌ട് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോകും. ഉച്ചയ്ക്കും വെെകിട്ടും വീണ്ടുമെത്തും. വീട്ടുജോലികൾക്കു പുറമെയാണ് പശുപരിപാലനവും നിർഹിക്കുന്നത്. പത്താം ക്ളാസുകാരി സിന്ധു വിവാഹശേഷമാണ് പശുവളർത്തലിലേക്ക് തിരിഞ്ഞത്.

സിന്ധുവിന്റെ തറവാട്ടിൽ പശുക്കളുണ്ടായിരുന്നു. അതിലൊന്നിനെയാണ് സിന്ധുവിന് നൽകിയത്. അത് പ്രസവിച്ചപ്പോൾ ദിവസം 12 ലിറ്ററോളം കറവയുണ്ടായിരുന്നു. ക്രമേണ പശുക്കൾ അഞ്ചായി. മാസങ്ങൾക്കു മുമ്പ് പ്രെെം മിനിസ്റ്റർ എംപ്ളോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (പി.എം.ഇ.ജി.പി) പ്രകാരം 10 ജഴ്സി, എച്ച്.എഫ് സങ്കരയിനം പശുക്കളെ വാങ്ങി.

തുണയായി മിൽമ

പശുക്കളെ വാങ്ങാൻ 10 ലക്ഷം രൂപ വായ്പയെടുത്തതിൽ മൂന്നര ലക്ഷത്തോളം സബ്സിഡിയുണ്ട്. മിൽമയിൽ നിന്ന് കാലിത്തീറ്റയ്ക്കും കറവയന്ത്രം, തൊഴുത്ത്, പശുക്കൾക്ക് മാറ്റ് തുടങ്ങിയവയ്ക്കും സബ്സിഡിയുണ്ട്. പഠനകാലത്തുതന്നെ പശുവളർത്തലിൽ തത്പരയായിരുന്നു. മക്കളായ അർജ്ജുനും അമൃതയും ഒഴിവുസമയങ്ങളിൽ സഹായിക്കും.

മിൽമയിൽ നിന്നുള്ള സബ്സിഡിയും ഭർത്താവിന്റെ പിന്തുണയും വലിയ പ്രോത്സാഹനമാണ്.

- സിന്ധു ബാബു