കരുണിന് ഡബിൾ സെഞ്ച്വറി
കാന്റർബറി: ഇംഗ്ലണ്ട് ലയൺസിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എയ്‌ക്കായി ഡബിൾ സെഞ്ച്വറി നേടി മലയാളി താരം കരുൺ നായർ. 272 പന്തിൽ ഡബിൾ സെഞ്ച്വറി തികച്ച കരുൺ ഇംഗ്ലീഷ് ബൗളർമാർക്ക് മേൽ വലിയ ആധിപത്യമാണ് നേടിയത്.ഡബിൾ സെഞ്ച്വറി നേടി അധികം വൈകാതെ കരുൺ പുറത്തായി. 282 പന്തിൽ 26 ഫോറും 1 സിക്സും ഉൾപ്പെടെ കരുൺ 204 റൺസ് നേടി.വ്യക്തിഗത സ്കോർ 186ൽ വച്ചാണ് രണ്ടാം ദിനം കരുൺ ബാറ്റിംഗ് തുടങ്ങിയത്. ഇന്ത്യ എ ഇന്നലെ ഒന്നാം ഇന്നിംഗ്‌സിൽ 557 റൺസിന് ഓൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് ലയൺസ് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 166/2 എന്ന നിലയിലാണ്. ഇന്ത്യയുടെ ധ്രുവ് ജുറൽ 94 റൺസ് നേടി.
ഗോൾഡ് കപ്പ്: കേരളത്തിന് തോൽവി
ഡെറാഡൂൺ : 41-ാമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കേരളത്തിന് തോൽവി. ഹിമാചൽ പ്രദേശ് ആറ് വിക്കറ്റിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹിമാചൽ പ്രദേശ് 35.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഹിമാചലിനായി 81 പന്തുകളിൽ 102 റൺസുമായി ഏകാന്ത് പുറത്താകാതെ നിന്നു. ക്യാപ്ടൻ ഇന്നേഷ് മഹാജൻ 46ഉം അമൻപ്രീത് സിംഗ് 39ഉം റൺസ് നേടി. കേരളത്തിന് വേണ്ടി അഖിൻ സത്താർ, ഫാനൂസ് ഫയിസ്, ഷോൺ റോജർ, സിജോമോൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സിന്നർ മുന്നോട്ട്
പാരിസ്: ഫ്രഞ്ച് ഓപ്പണിൽ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ജാന്നിക് സിന്നർ അനായാസം മൂന്നാം റൗണ്ട് കടന്നു.ചെക്ക് താരം ജിറി ലെഹെക്കെയെ നേരിട്ടുള്ള സെറ്റുകളിൽ 6-0,6-1,6-2ന് കീഴടക്കിയാണ് സിന്നർ പ്രീക്വാർട്ടറിലെത്തിയത്. അലക്‌സാണ്ടർ സ്വരേവും അവസാന പതിനാറിൽ ഇടം നേടി.
ഇന്റർമനെറ്റിൽ കാണുന്നതൊന്നും വിശ്വസിക്കരുത്
ഹാർദിക്കുമായി പ്രശ്നങ്ങൾ ഇല്ലെന്ന് ഗിൽ
അഹമ്മദാബാദ്: മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്ടൻ ശുഭ്മാൻ ഗിൽ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗിൽഇക്കാര്യം വ്യക്തമാക്കിയത്.ഹാർദികുമൊത്തുള്ള രണ്ട് ചിത്രങ്ങൾ പങ്കുവച്ച ഗിൽ ഇന്റർനെറ്റിൽ കാണുന്നതൊന്നും വിശ്വസിക്കരുതെന്നും കുറിച്ചു. ഹാർദിക്കിനെ ടാഗ് ചെയ്താണ് സ്റ്റോറി. എലിമനേറ്റർ മത്സരത്തിന്റെ ടോസ് സമയത്ത് ഗിൽ ഹാർദികിന് കൈ കൊടുത്തില്ലെന്നതോടെയായിരുന്നു അഭ്യൂഹങ്ങൾക്ക് തുടക്കം. ഗിൽ ഔട്ടായപ്പോൾ ഹാർദിക് ഗില്ലിന്റെ അടുത്തേക്ക് ഓടിച്ചെന്ന് ആഘോഷിച്ചതോടെ ചിലർ ഇരുവരും ഉടക്കിലാണെന്ന് ഉറപ്പിക്കുകയായിരുന്നു. എലിമനേറ്ററിൽ 20 റൺസിനായിരുന്നു മുംബയ്‌യുടെ ജയം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയ ശേഷം ഗുജറാത്തിനെ 208/6ൽ ഒതുക്കുകയായിരുന്നു. സായ് സുദർശൻ (80), വാഷിംഗ്ടൺ സുന്ദർ (48) എന്നിവർ പൊരുതിയെങ്കിലും വിക്കറ്റുകൾ നഷ്ടമായതാണ് ഗുജറാത്തിന് തിരിച്ചടിയായത്.