ത്രിവേണി സൂപ്പർ മാർക്കറ്റിൽ മോഷണം

Sunday 01 June 2025 1:21 AM IST

പുനലൂർ : കൃഷ്ണൻ കോവലിന് സമീപം പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റിൽ മോഷണം .ഷട്ടറിന്റെ പൂട്ടുകൾ തകർത്ത് അകത്തുകയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 18000 രൂപ കവർന്നു. ഇന്നലെ രാവിലെ സൂപ്പർമാർക്കറ്റ് തുറക്കാൻ വന്ന ജീവനക്കാരിയാണ് ഷട്ടറിന്റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടന്ന പരിശോധനയിലാണ് പണം നഷ്ടമായതായി കണ്ടെത്തിയത്. സംഭവത്തിൽ മാനേജർ നൽകിയ പരാതിയിൽ പുനലൂർ പൊലീസ് സൂപ്പർ മാർക്കറ്റിലെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു.