സൂപ്രണ്ടിംഗ് എൻജിനിയർ നല്ല ഉദ്യോഗസ്ഥനെന്ന് മേയർ

Sunday 01 June 2025 2:37 AM IST

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം നേരിടുന്ന കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ദിലീപിന് മേയർ ബീന ഫിലിപ്പിന്റെ ഗുഡ് സർട്ടിഫിക്കറ്റ്. നാലുവർഷമായി കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ചുമതലയിലുള്ള ദിലീപ് സാധാരണക്കാരോട് കരുണയോടെ ഇടപെട്ടിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് തന്റെ ബോദ്ധ്യമെന്ന് ബീന ഫിലിപ്പ് പറഞ്ഞു.

പ്രാഥമികാന്വേഷണത്തിൽ തന്നെ 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം ബോദ്ധ്യപ്പെട്ടതോടെയായിരുന്നു ദിലീപിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. ചക്കോരത്തുകുളത്തെ ഫ്ലാറ്റിൽ നിന്ന് നാലര ലക്ഷത്തോളം രൂപയും 27 പവനും കണ്ടെത്തിയപ്പോൾ വയനാട്ടിലെ വീട്ടിൽ നിന്ന് 1.65 ലക്ഷം രൂപയും വസ്തുവകകൾ സംബന്ധിച്ച് നിരവധി രേഖകളും പിടികൂടി.