വിവാഹ ഒരുക്കത്തിനിടെ വാഹനാപകടം:  സൗദിയിൽനിന്നു അഖിലിന്റെ  മൃതദേഹം നാട്ടിലെത്തിച്ചു

Sunday 01 June 2025 2:37 AM IST

അമ്പലവയൽ (വയനാട്): വിവാഹ ഒരുക്കങ്ങൾക്കിടെ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അഖിലിന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം ഇന്നലെ അമ്പലവയലിലെ വീട്ടിലെത്തിച്ചു. പ്രതിശ്രുതവധു ടീനയുടെ മൃതദേഹം പത്ത് ദിവസത്തിനുളളിൽ നടവയലിലെ വീട്ടിലെത്തിക്കുമെന്നാണ് കരുതുന്നത്. ഏപ്രിൽ രണ്ടിനാണ് സൗദിയിലെ അൽഉലയിൽ വച്ചുണ്ടായ കാറപകടത്തിൽ ഇരുവരും മരിച്ചത്. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ എടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.

അഖിലിന്റെ മൃതദേഹം ഇന്നലെ കാലത്ത് 10.45നാണ് കുറ്റി കൈതയിലെ ഇളയിടത്ത് മഠത്തിലെ വീട്ടിലെത്തിച്ചത്. വിവാഹ വസ്ത്രമണിഞ്ഞ് കാണേണ്ട മകൻ ചേതനയറ്റ ശരീരമായി എംബാം ചെയ്ത പെട്ടിക്കുള്ളിൽ കിടക്കുന്നത് കണ്ട മാതാവ് ഷീജയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു.

അഖിൽ അലക്സിന്റെയും നടവയൽ കാരക്കുട്ടത്തിൽ ടീന ബൈജുവിന്റെയും വിവാഹം ജൂണിൽ നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചതായിരുന്നു. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഫോറൻസിക് റിപ്പോർട്ട് കിട്ടാൻ വൈകി. ഇതോടെ നിയമ തടസങ്ങൾ നേരിട്ടു. അഖിലിന്റെ മൃതദേഹം കൊണ്ടുവരാനുള്ള തടസങ്ങൾ നീങ്ങിയതോടെയാണ് അറുപത് ദിവസത്തിന് ശേഷം ഇന്നലെ മൃതദേഹം നോർക്ക ഇടപെട്ട് നാട്ടിലേയ്ക്ക് എത്തിക്കാനായത്. ടീനയുടെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിയമ തടസങ്ങൾ നീങ്ങിയില്ല. പത്ത് ദിവസത്തിനുള്ളിൽ നാട്ടിലെക്കെത്തിക്കാൻ കഴിയുമെന്നാണ് ലഭിച്ച വിവരം.