കുട്ടികളെ തട്ടാൻ നാടോടി സംഘങ്ങൾ കാക്കണം മക്കളെ, പൊന്നുപോലെ...

Sunday 01 June 2025 3:44 AM IST

തിരുവനന്തപുരം: ചാക്കിലിട്ടും മിഠായി നൽകിയും കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഘങ്ങൾ കേരളത്തിൽ സജീവമായിരിക്കേ, രക്ഷിതാക്കളും സമൂഹവും വളരെയേറെ ജാഗ്രത പാലിക്കണം. അല്ലെങ്കിൽ നമ്മുടെ പൊന്നോമനകൾ ഭിക്ഷാടന മാഫിയകളുടെയോ അധോലോകങ്ങളുടെയോ കൈയിലകപ്പെടും. കഴിഞ്ഞ പത്തുവർഷത്തിനിടെ, 1853കുട്ടികളെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇക്കൊല്ലം ഏപ്രിൽ വരെ 50കുട്ടികളെ തട്ടിക്കൊണ്ടുപോയി. അന്യസംസ്ഥാനക്കാരുടെയടക്കം കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് കേസില്ലാത്ത സംഭവങ്ങളും അനവധി. തുമ്പില്ലാത്ത കേസുകളുമേറെ.

കാണാതായതിൽ ഭൂരിഭാഗംപേരെയും തിരിച്ചുകിട്ടിയെങ്കിലും 2018മുതൽ 2023മാർച്ച് വരെയുള്ള കണക്കുപ്രകാരം 60കുട്ടികളെ കിട്ടാനുണ്ട്. ഇതിൽ 42ആൺകുട്ടികളും 18പെൺകുട്ടികളുമാണ്. 103കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് അനൗദ്യോഗിക കണക്ക്. 2019-21 കാലത്ത് 580കുട്ടികളെ കേരളത്തിൽ നിന്ന് കടത്തിയെന്ന് കേന്ദ്രം പാർലമെന്റിൽ വച്ച രേഖയിലുണ്ട്.

ഒമ്പതിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ളവരാണ് കാണാതാവുന്നതിൽ അധികവും. പ്രണയിച്ച് ഒളിച്ചോടുന്നവരെ പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കും. എന്നാൽ അവയവ വ്യാപാരം, തീവ്രവാദം, പെൺവാണിഭം എന്നിവയ്ക്കായി വിദേശത്തേക്കും ബാലവേല, ലൈംഗികചൂഷണം, വ്യാജദത്ത് എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്കും കടത്തുന്ന കുട്ടികളെ കണ്ടെത്താനാവില്ല. ഏറ്റവുമധികം കുട്ടികളെ കാണാതായത് തിരുവനന്തപുരം റൂറലിലാണ്. ആൺകുട്ടികളെയേറെയും കാണാതാവുന്നത് മലപ്പുറത്തും. കുട്ടികളെ കണ്ടെത്താൻ എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സെല്ലുകളുണ്ട്.

തട്ടിയെടുത്ത കുട്ടികൾ

2016---------154

2017---------173

2018---------182

2019---------260

2020---------195

2021---------257

2022---------279

2023---------191

2024---------112

2025---------050

(ഏപ്രിൽ വരെ)

കരുതാം ഈ നമ്പരുകൾ

1098

ചൈൽഡ് ഹെൽപ്പ്‌ലൈൻ

112

എമർജൻസി പൊലീസ് കൺട്രോൾ

1515

പിങ്ക് പൊലീസ് കൺട്രോൾ റൂം

1091

വനിതാ ഹെൽപ്പ്ലൈൻ

അപരിചിതരെ ശ്രദ്ധിക്കണം

നാടോടികൾ, അപരിചിതർ എന്നിവർ നാട്ടിലും വീട്ടിലുമെത്തിയാൽ ശ്രദ്ധിക്കണം. രക്ഷിതാക്കൾക്ക് കു‌ഞ്ഞുങ്ങൾക്ക് മേൽ എപ്പോഴും കണ്ണുവേണം. പൊതുസമൂഹവും ജാഗ്രത പുലർത്തണം. എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായാൽ ഉടനടി 112ൽ വിവരമറിയിക്കണം. എത്രയുംവേഗം വിവരമറിയിച്ചാൽ 15മിനിറ്റുകൊണ്ട് നഗരമാകെ അടച്ചിട്ട് പരിശോധിക്കാൻ പൊലീസിനാവും.

-എസ്.ശ്യാംസുന്ദർ

ഐ.ജി, ദക്ഷിണമേഖല