ഒരു പാമ്പ് ലക്ഷ്യം വച്ച് നിങ്ങളെ പിന്തുടർന്നാൽ, എങ്ങനെ രക്ഷപ്പെടും?
മാരക വിഷമുളള ജീവിവർഗമാണ് പാമ്പുകൾ. പ്രതിവർഷം പുറത്തുവരുന്ന കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ദശലക്ഷക്കണക്കിനാളുകൾക്കാണ് പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുന്നത്. എത്ര ധൈര്യശാലികളാണെന്ന് പറയുന്നവർ പോലും പാമ്പിനെ കണ്ടാൽ ഒരു നിമിഷമെങ്കിലും പേടിച്ചുവിറയ്ക്കും. പാമ്പിൽ നിന്ന് രക്ഷപ്പെടാൻ പലവഴികളും നമ്മൾ ദിവസേന കേൾക്കാറുണ്ട്.
അതിലൊന്ന്, പാമ്പ് പിന്തുടരുകയാണെങ്കിൽ നേരെ ഓടാതെ 'എസ്' ആകൃതിയിൽ ഓടണമെന്ന് പറയുന്നത് ചിലരെങ്കിലും കേട്ടിരിക്കും. ഇത് ശരിയാണോയെന്ന് പരിശോധിക്കാം. പാമ്പ് വിദഗ്ദനായ കീത്ത് ടെയ്ലറാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. പാമ്പ് പിന്തുടർന്നാൽ 'എസ്' ആകൃതിയിൽ ഓടണമെന്നത് വെറും തെറ്റായ ധാരണ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.
പാമ്പുകളെ ശല്യം ചെയ്യുന്നതുകൊണ്ടാണ് അവ ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും ടെയ്‌ലർ വിശദീകരിച്ചു. ഒരു പാമ്പിന് മുന്നിലേക്ക് അപ്രതീക്ഷതമായി ഒരാൾ എത്തിയാൽ ചെയ്യേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പാമ്പിനെ കണ്ടാൽ സാഹസികത ഒഴിവാക്കുക. പതുക്കെ പിന്നോട്ട് പോകാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ പാമ്പുകടിയിൽ നിന്ന് ഒരുവിധം രക്ഷപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. പാമ്പുകൾ ആക്രമണകാരികൾ അല്ലെന്ന് ടെയ്ലർ പറയുന്നു. മൂർഖൻ, ശംഖുവരയൻ എന്നിവ അപകടകാരികളല്ലെന്നും സാഹചര്യങ്ങളെ പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ് അവ ആക്രമിക്കുന്നതെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.