ഓരോ ക്ലാസിലും വേണ്ട അറിവ് നേടിയെന്ന് ഉറപ്പാക്കും: വി.ശിവൻകുട്ടി

Monday 02 June 2025 12:00 AM IST

ആലപ്പുഴ: ഓരോ ക്ലാസിലും നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ നേടിയെന്ന് ഉറപ്പാക്കുന്ന സമഗ്രഗുണമേന്മാ വിദ്യാഭ്യാസം കാര്യക്ഷമമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഏതെങ്കിലും മേഖലയിൽ പഠനവിടവുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ശ്രമം ഈ വർഷം മുതൽ ഉണ്ടാകും.

കുട്ടികൾ അറിയേണ്ട പൊതുകാര്യങ്ങൾ ആദ്യദിവസങ്ങളിൽ തന്നെ അഭ്യസിപ്പിക്കും. രണ്ടാഴ്ച ദിവസവും ഒരോ മണിക്കൂർ വിവിധ വിഷയങ്ങളിൽ പൗരബോധം ഉളവാക്കുന്ന ക്ലാസ്സുകളുണ്ടാകും.

പ്രീ സ്‌കൂൾ അനുഭവങ്ങൾ ഇല്ലാതെയും വ്യത്യസ്‌തങ്ങളായ പ്രീ സ്‌കൂൾ അനുഭവങ്ങളോടെയും ഒന്നാം ക്ലാസിലെത്തുന്ന കുട്ടികൾക്കായി ഒരു സ്കൂൾ സന്നദ്ധതാ പാക്കേജ് എൻ.സി.ഇ.ആർ.ടി തയ്യാറാക്കി മൊഡ്യൂൾ വികസിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ക്ലാസ് പാഠ്യപദ്ധതി, പാഠപുസ്‌തകം എന്നിവ പരിഷ്‌കരിച്ച സാഹചര്യത്തിൽ സമഗ്രശിക്ഷാ കേരളം 2025-26 വർഷത്തേക്ക് 'ഒന്നൊരുക്കം' എന്ന പേരിൽ അദ്ധ്യയന വർഷത്തിന്റെ ആദ്യത്തെ രണ്ടാഴ്ച നടപ്പിലാക്കുന്നതിനായി സന്നദ്ധതാ പാക്കേജും തയ്യാറാക്കിയിട്ടുണ്ട്.

അവധിക്കാല അദ്ധ്യാപക പരിശീലനത്തിൽ ഒന്നൊരുക്കത്തിന്റെ പരിശീലനം നൽകിയിട്ടുണ്ട്. ഒന്നൊരുക്കം പഠനോപകരണങ്ങൾ വാങ്ങാൻ സ്റ്റാർസ് പദ്ധതിയിൽ നിന്ന് തുക അനുവദിക്കുന്നുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി 'ഒന്നൊരുക്കം വീടൊരുക്കം' എന്ന ഓറിയന്റേഷൻ മൊഡ്യൂൾ തയ്യാറാക്കി.

പരിപാടിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി കേരളത്തിലെ തിരഞ്ഞെടുത്ത 45 സ്‌കൂളുകളിൽ എസ്‌ .സി.ഇ.ആർ.ടിപഠനം നടത്തും. ഒന്നാംക്ലാസ് പ്രവേശനത്തിന് മത്സര പരീക്ഷയോ നിയമാനുസൃതമല്ലാത്ത ഫണ്ട് പിരിവോ പാടില്ലെന്നും ഇക്കാര്യം പരിശോധിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.