സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഇന്ന് ആലപ്പുഴയിൽ

Monday 02 June 2025 12:04 AM IST

ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഇന്ന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 8.30ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിക്കും. 9ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഒന്നാം ക്ലാസ് കുട്ടികളെ സ്വാഗതം ചെയ്യും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം നടക്കും. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ചിട്ടപ്പെടുത്തിയതാണ് പ്രവേശനോത്സവ ഗാനം. തുടർന്ന് ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കും.

മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് രാവിലെ 9.50ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകം മന്ത്രി സജി ചെറിയാന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

മഴക്കെടുതിയെ തുടർന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച സ്കൂളുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്കൂളുകളിലുമൊഴികെ മറ്റെല്ലാ വിദ്യാലയങ്ങളിലും ഇന്ന് പ്രവേശനോത്സവം നടക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനതല പ്രവേശനോത്സവം എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കും. അതിനുശേഷം സ്കൂൾതല പ്രവേശനോത്സവങ്ങൾ നടത്തും.

കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും മറ്റ് ജില്ലകളിൽ മന്ത്രിമാരും ജില്ലാതല പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. എം.എൽ.എമാരായ എച്ച്. സലാം, പി.പി ചിത്തരഞ്ജൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.റിയാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.