200 കടന്ന് റബർ മുന്നോട്ട്, നിലംപൊത്തി കുരുമുളക്

Monday 02 June 2025 12:07 AM IST

കോട്ടയം: മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചതോടെ ഷീറ്റിന് ഡിമാൻഡ് കൂടി. ഇതോടെ റബർ ആർ.എസ്.എസ് ഫോർ വില 200 കടന്നു. വ്യാപാരികൾ 204 രൂപയ്ക്ക് വരെ ഷീറ്റ് എടുത്തു. 170-180 വരെ താഴ്ന്ന ശേഷമാണ് ഈ കുതിച്ചു കയറ്റം. ആഭ്യന്തര വിപണി അന്താരാഷ്ട്ര വില മറികടക്കുമെന്ന് കേരളകൗമുദി കഴിഞ്ഞ ആഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ ആഭ്യന്തര വിപണി 210ൽ എത്തിയേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. വില കൂടിയതോടെ വൻകിട തോട്ടങ്ങൾക്കു പുറമേ ചെറുകിടക്കാരും മഴ മരയിട്ട് ടാപ്പിംഗിനൊരുങ്ങി. ലാറ്റക്സിന് ഒരു മാസത്തിനിടെ 15 രൂപ വർദ്ധിച്ച് 148 രൂപയായി. 100 ശതമാനം ഡി.ആർ.സിക്ക് (ഡ്രൈ റബർ കണ്ടന്റ് ) ഷീറ്റും കടന്ന് 210 രൂപയിലെത്തി.

രാജ്യാന്തരവില

ചൈന - 176 രൂപ

ടോക്കിയോ- 196

ബാങ്കോക്ക് -199

തകർച്ച തുടർന്ന് കറുത്ത പൊന്ന്

കുരുമുളക് വിപണിയിലെ തകർച്ച തുടരുകയാണ്. ഒരാഴ്ചക്കുള്ളിൽ 11 രൂപയുടെ കുറവ്. കുറഞ്ഞ നിരക്കിൽ ഇറക്കുമതി കുരുമുളക് വിപണിയിൽ എത്തിയതാണ് വിലയിടിയാൻ കാരണം. വൻതോതിൽ ഇറക്കുമതി ചെയ്ത കുരുമുളക് സ്റ്റോക്ക് ചെയ്തവർ വില ഇടിവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ചരക്ക് വില്പനയ്ക്ക് എത്തിച്ചതാണ് വില കൂടുതലിടിയാൻ ഇടയാക്കിയത്.

അടുത്തദിവസം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി പണത്തിന് ആവശ്യമുള്ള കർഷകർ വില കുത്തനെ കുറഞ്ഞിട്ടും സ്റ്റോക്ക് ചെയ്യാതെ വിൽക്കാൻ നിർബന്ധിതരായി. വ്യാപാരികൾ ഇതോടെ വിപണിയിൽ നിന്നും വിട്ടുനിന്ന് വില ഇടിക്കാൻ നോക്കുകയാണ്. കാലവർഷം അനുകൂലമായാൽ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അന്താരാഷ്ട്ര വില ഇടിവ്

ഇന്ത്യ ടണ്ണിന് 8400 ഡോളറിൽ നിന്ന് 8200 ഡോളർ

ശ്രീലങ്ക 7100ൽ നിന്ന് 7000 ഡോളർ

വിയറ്റ്നാം 7100ൽ നിന്ന് 6900 ഡോളർ

ബ്രസീൽ 7000ൽ നിന്ന് 6900 ഡോളർ