എ.ജി.ആർ: ടെലികോം കമ്പനികളുടെ തിരിച്ചടിക്ക് പുതിയ പേര്
കൊച്ചി: വരുമാനക്കുറവ് മൂലം പ്രതിസന്ധിയിലായ ടെലികോം കമ്പനികൾക്കുമേൽ കൂടുതൽ തിരിച്ചടിയുമായി പുതിയ സാമ്പത്തിക ബാദ്ധ്യത വരുന്നു. കമ്പനികളുടെ മൊത്തം വരുമാനം കണക്കാക്കി (അഡ്‌ജസ്‌റ്രഡ് ഗ്രോസ് റെവന്യൂ - എ.ജി.ആർ), അധിക സ്‌പെക്‌ട്രം ഉപയോഗ ഫീസ് നൽകണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
സുപ്രീം കോടതി ഉത്തരവ് സർക്കാരിന് അനുകൂലമായാൽ അധിക സ്‌പെക്‌ട്രം ഉപയോഗ ഫീസായി ടെലികോം കമ്പനികൾ 40,970 കോടി രൂപ സർക്കാരിന് നൽകേണ്ടി വരും. എ.ജി.ആറിൽ കമ്പനികളുടെ മൊത്തം വരുമാനം ഉൾപ്പെടുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, ടെലികോം സേവനത്തിൽ നിന്നുള്ള വരുമാനം മാത്രമേ കണക്കാക്കാവൂ എന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധി ഉടനുണ്ടായേക്കും.
അധിക സ്‌പെക്‌ട്രം ഉപയോഗത്തിൽ ഏറ്റവും ഉയർന്ന ബാദ്ധ്യത ഭാരതി എയർടെല്ലിനാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്; 22,943 കോടി രൂപ. 11,004 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയ്ക്ക് ബാദ്ധ്യത. എയർസെൽ (2,007 കോടി രൂപ), റിലയൻസ് കമ്മ്യൂണിക്കേഷൻസ് (3,533 കോടി രൂപ), റിലയൻസ് ജിയോ (28 കോടി രൂപ) എന്നിങ്ങനെയാണ് മറ്റു പ്രമുഖ കമ്പനികളുടെ ബാദ്ധ്യത.