250 കോടിയുടെ കൃഷിനാശം; പച്ചക്കറി വില കൂടും

Monday 02 June 2025 12:10 AM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ മഴക്കെടുതിയിൽ 250 കോടിയിലേറെ രൂപയുടെ കൃഷിനാശം. ജനുവരിയിൽ സർക്കാർ തുടക്കമിട്ട കൃഷി സമൃദ്ധി പദ്ധതിയിൽ കൃഷിചെയ്ത പഴം,പച്ചക്കറി വിളകളും ഇതിൽ ഉൾപ്പെടുന്നു, പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടാനുള്ള പദ്ധതിയാണിത്.

കൃഷിയിടങ്ങളിൽ മാത്രമല്ല, വീട്ടുവളപ്പിലും തരിശായ പാടങ്ങളിലും പറമ്പുകളിലും ചെയ്ത കൃഷിയും നശിച്ചു. വരും ദിവസങ്ങളിൽ പച്ചക്കറികൾക്ക് വില കൂടും.

ഇടവപ്പാതിയിൽ പതിവായി പെയ്യുന്നതിന്റെ ഇരട്ടിയിലേറെ മഴയാണ് പല ജില്ലകളിലും ലഭിച്ചത്. ജൂൺ- ജൂലായ് മാസങ്ങളിൽ ഇതു തുടർന്നാൽ കൃഷിനാശം ഇനിയും വർദ്ധിക്കും. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്നത് കാരണം കഴിഞ്ഞ വർഷവും വൻകൃഷിനാശം നേരിട്ടിരുന്നു.

പച്ചക്കറികൾ, നെല്ല്, വാഴ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ നശിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശം. പച്ചക്കറിക്കു പുറമേയുള്ളവയും ചേർത്ത് 3,468 ഹെക്ടറിലായി ഏകദേശം 65.6 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വയനാട് ജില്ലയിൽ 32 കോടി രൂപയുടെയും പാലക്കാട്, തൃശൂർ ജില്ലകളിലായി 20 കോടി രൂപയുടെയും നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. കണക്കുകളിൽ വർദ്ധനയുണ്ടാകുമെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്.

സ്വയം പര്യാപ്തതയ്ക്ക് തിരിച്ചടി

180 ഹെക്ടറിലേറെ:

മൊത്തം പച്ചക്കറി നാശം

19 ലക്ഷം ടൺ:

പ്രതീക്ഷിച്ച

വിളവെടുപ്പ്

17.21 ലക്ഷം ടൺ:

2024ൽ വിളവെടുത്തത്

20 -21 ലക്ഷം ടൺ:

പ്രതിവർഷം ആവശ്യമായ

പച്ചക്കറികൾ

4-5 ലക്ഷം ടൺ:

മറ്റു സംസ്ഥാനങ്ങളിൽനിന്ന്

നിലവിൽ കൊണ്ടുവരുന്നത്

20 ലക്ഷത്തോളം:

കുലച്ചവാഴ നാശം

8 ലക്ഷത്തോളം:

കുലയ്ക്കാത്ത

വാഴനാശം