ട്രോളിംഗ് നിരോധനത്തിന് മുന്നെ തീരദേശം വറുതിയിൽ

Monday 02 June 2025 12:11 AM IST

തൃക്കരിപ്പൂർ: സാധാരണ ട്രോളിംഗ് നിരോധന കാലമാണ് മത്സ്യത്തൊഴിലാളികളുടെ വറുതിയുടെ കാലം. എന്നാൽ പതിവിന് വ്യത്യസ്തമായി ഇത്തവണ ചാകര പ്രത്യക്ഷപ്പെടാറുള്ള കാലവർഷം ഒരാഴ്ച മുന്നെ വന്നിട്ടും തീരദേശത്ത് നിരാശ.

കലിതുള്ളുന്ന കാലവർഷം, പ്രക്ഷുബ്ധമായ കടൽ, കൊച്ചി കപ്പൽ ദുരന്തം മൂലമുള്ള ആശങ്ക തുടങ്ങിയ പ്രതികൂല അവസ്ഥയ്ക്കിടെ കടലിൽ പോകുന്നതിന് വിലക്കും വന്നതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ നിത്യജീവിതത്തെ തന്നെ സാരമായി ബാധിച്ചു. ഇതിനിടയിൽ അടുത്ത ആഴ്ച ട്രോളിംഗ് നിരോധനം കൂടി പ്രാബല്യത്തിൽ വരുന്നതോടെ നൂറുകണക്കിന് കുടുംബങ്ങളിൽ അത് പ്രതിഫലിക്കും.

സാധാരണക്കാരന്റെ ഇഷ്ട ഭോജ്യമായ അയിലയും മത്തിയും സുലഭയായി ലഭിക്കേണ്ട മൺസൂൺ കാലം ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മാർക്കറ്റുകളിൽ അതിന്റെ സൂചന പോലുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക മാർക്കറ്റുകളിൽ അത്യാവശ്യം അയില വിൽപ്പനക്കെത്തിയെങ്കിലും അതും കിലോഗ്രാമിന് 260 മുതൽ മുകളിലോട്ടായിരുന്നു വില.

ട്രോളിംഗ് നിരോധനം 9 മുതൽ

ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലായ് 31 വരെയാണ് ട്രോളിംഗ് നിരോധനം. 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നിരോധന കാലയളവിൽ യന്ത്രവത്കൃത ബോട്ടുകളുടെ ട്രോളിംഗ് കർശനമായി നിയന്ത്രിക്കും. എന്നാൽ തീരത്തു നിന്നും 12 നോട്ടിക്കൽ മൈൽ അകലെ നിന്നും പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ബാധകമല്ല. എന്നാൽ നിശ്ചിത വലുപ്പം ഇല്ലാത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നത് നിയമവിരുദ്ധമാണ്. 10 സെന്റീ മീറ്റർ വലിപ്പമില്ലാത്ത മത്തിയും 14 സെന്റീ മീറ്റർ വലിപ്പമില്ലാത്ത അയിലയും പിടിക്കരുത്. അത്തരം ബോട്ടുകളെ കർശനമായ നിയമത്തിന് വിധേയമാക്കും.

ട്രോളിംഗ് നിരോധനം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിന് നാളെ കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗംചേരും. ബോട്ടുടമകൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, പൊലീസ്, ഫിഷിറീസ് വകുപ്പ് അധികൃതർ തുടങ്ങിയവർ സംബന്ധിക്കും.

ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം

മൺസൂൺ കാലത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കാനായി മേയ് 15 മുതൽ കാഞ്ഞങ്ങാട്ട് ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിരോധന സമയത്ത് പരിശോധന നടത്താനും കടലിൽ അപകടത്തിൽപ്പെടുന്നവരെ സഹായിക്കാനുമായി മഞ്ചേശ്വരത്തും മടക്കരയിലും ഓരോ റെസ്ക്യൂ ടീമിനെയും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള പരിചയസമ്പന്നരായ റസ്ക്യൂ ടീമംഗങ്ങളുടെ 12 അംഗ ടീമിൽ 4 പേരെ കൂടി റിക്രൂട്ട് ചെയ്യും. നിരോധന കാലത്ത് അനധികൃതമായി കടലിൽ പോകുന്നത് നിയന്ത്രിക്കാൻ പട്രോളിംഗ് കർശനമാക്കും.