ഹയർ സെക്കൻഡറി : 37 ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപകരെ സ്ഥിരപ്പെടുത്തി

Monday 02 June 2025 12:00 AM IST

തിരുവനന്തപുരം: തൊഴിൽ നഷ്ടമെന്ന വൻഭീഷണി ഒഴിവായ ആശ്വാസത്തിൽ ഹയർ സെക്കൻഡറി ഇംഗ്ലീഷ് അദ്ധ്യാപകർ. അധിക തസ്തികയിൽ തുടരുന്ന 37 ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപകരെ സ്ഥിരം തസ്തികയിൽ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി.

പിഎസ്‌സി വഴി നിയമിക്കപ്പെട്ടവരാണെങ്കിലും അധിക തസ്തികയിൽ തുടരുന്നതിനാൽ രണ്ടു വർഷമായി ഇവരെ സംരക്ഷിച്ചു നിറുത്തിയിരുന്നു. ഇവരുടെ കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് നിയമനം സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്. ഹയർ സെക്കൻഡറിയിൽ സ്ഥാനക്കയറ്റത്തെ തുടർന്നുള്ള ഒഴിവുകളിലാണ് നിയമനം. ആഴ്ചയിൽ ഏഴു മുതൽ 14 വരെ പിരിയഡുകളുള്ള ജോലിഭാരം കണക്കാക്കിയാണ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ തസ്തികനിർണയം. രണ്ടുവർഷം മുമ്പുള്ള പരിശോധനയിൽ 68 ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികകൾ അധികമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. പി.എസ്‌.സി നിയമനം നേടിയ അദ്ധ്യാപകർ പുറത്താവുമെന്നായതോടെ പ്രതിഷേധമുയർന്നു. തുടർന്ന്, ഈ അധ്യാപകരെ അധിക തസ്തികയിൽ നിലനിറുത്തി രണ്ടു വർഷത്തേക്ക് സംരക്ഷിക്കാൻ സർക്കാർ പ്രത്യേകം ഉത്തരവിറക്കുകയായിരുന്നു. സ്ഥിരം തസ്തികയിൽ ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നൽകാനും തീരുമാനിച്ചു. ഇതിനിടെ വന്ന ഒഴിവുകളിൽ ചിലർ നിയമിക്കപ്പെട്ടെങ്കിലും 37 പേരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. കാലാവധി അവസാനിക്കുന്ന മേയ് 31നു മുമ്പ് സ്ഥിരനിയമനം ലഭിച്ചില്ലെങ്കിൽ സർവീസ് ബ്രേക്കെന്ന പ്രശ്നവുമുയർന്നു. സർക്കാർ തീരുമാനം നീണ്ടതോടെ, ചില അദ്ധ്യാപകർ പരാതിയുമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.