മഴയിൽ ശമനം;  നേരിയ ആശ്വാസം

Monday 02 June 2025 12:53 AM IST
മഴ

കോഴിക്കോട്: നിറുത്താതെ പെയ്ത മഴയ്ക്ക് നേരിയ ശമനം. ജില്ലയിലെ മലയോര മേഖലയിലും നഗരത്തിലും ഇന്നലെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ റെഡ്, ഓറഞ്ച് അലേർട്ടുകളായിരുന്നു.മഴ ശമിച്ചതോടെ വെള്ളം കയറിയ പല പ്രദേശങ്ങളിലും വെള്ളം താഴ്ന്നെങ്കിലും മാനാഞ്ചിറയിലെ വെള്ളക്കെട്ട് തുടരുകയാണ്. ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിതാമസിച്ചവർ വീടുകളിലേക്ക് തിരികെയെത്തി. കഴിഞ്ഞ ഒരു മാസം ജില്ലയിൽ ലഭിച്ചത് രണ്ടിരട്ടി അധികമഴയാണ്. 244.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്, 835.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മഴയിൽ കുറവുണ്ടെങ്കിലും ഇന്നു മുതൽ മൂന്നു ദിവസം കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാദ്ധ്യത ഉണ്ടെന്നും കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.