കളിക്കാലം കഴിഞ്ഞു, ഇന്നുമുതൽ പഠനക്കളരിയിൽ

Monday 02 June 2025 12:29 AM IST
സ്കൂ​ൾ​ ​തു​റ​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​ക്ലാ​സ് ​റൂം​ ​ഒ​രു​ക്കാ​ൻ​ ​എ​ത്തി​യ​ ​ചാ​ല​പ്പു​റം​ ​ഗ​ണ​പ​ത് ​എ​ൽ.​പി​ ​സ്കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും ഫോട്ടോ: രോഹിത്ത് തയ്യിൽ

പ്രവേശനം നേടുന്നത് 60,000 വിദ്യാർത്ഥികൾ

കോഴിക്കോട്: അവധിക്കാലം കഴിഞ്ഞ് ഇന്ന് വീണ്ടും കുട്ടികൾ സ്കൂളിലേക്ക്. മദ്ധ്യവേനലവധിക്കിടെ കാലം തെറ്റിയെത്തിയ പെരുമഴയും കഴിഞ്ഞ് കുരുന്നുകൾ ഇന്ന് സ്കൂളിലേക്കെത്തും. ഇനി പുതിയ കൂട്ടുകാരും കഥകളും കാഴ്ചകളും. പുതിയ അദ്ധ്യയന വർഷം ജില്ലയിൽ 60,000 വിദ്യാർഥികളാണ് സ്കൂൾ പ്രവേശനം നേടുന്നത്. അദ്ധ്യയന വർഷത്തിന് മുന്നോടിയായി എല്ലാ സ്കൂളുകളിലും ഒരാഴ്ച മുമ്പ് മുന്നൊരുക്കവാരം ആചരിച്ചിരുന്നു. സ്കൂൾ പരിസര ശുചീകരണം, മിനുക്കുപണികൾ എല്ലാം പൂർത്തിയാക്കി. ആദ്യമായി സ്കൂളിലേക്കെത്തുന്നവരുടെ കരച്ചിലടക്കാൻ കളിപ്പാട്ടങ്ങളുൾപ്പെടെ സ്കൂളുകളിൽ തയ്യാറാണ്. 98.7 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണവും ഇക്കുറി പൂർത്തിയാക്കി.

ജില്ലാതല ഉദ്ഘാടനം പെരിങ്ങൊളം ജി.എച്ച്.എസ്.എസിൽ

കുരുന്നുകളെ വരവേൽക്കാൻ ജില്ലയിലെ എല്ലാ സ്കൂളുകളും അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കി. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് പെരിങ്ങൊളം ജി.എച്ച്.എസ്.എസിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

കെട്ടിടങ്ങളും വാഹനങ്ങളും റെഡി

സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സുരക്ഷ പ്രധാനമാണ്. ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റനസ് പരിശോധന പൂർത്തിയായി. ഓരോ സ്കൂളും അതത് തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കെെപ്പറ്റാനായിരുന്നു നിർദേശം നൽകിയത്. വിവിധ മോട്ടോർ വെഹിക്കിൾ യൂണിറ്റുകളുടെ കീഴിലായി സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പിരശോധനയും പൂർത്തിയാക്കി. ആദ്യ ഘട്ടത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത വാഹനങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ഫിറ്റ്നസ് തെളിയിക്കാൻ അവസരം നൽകിയിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ, യാത്രാസൗകര്യം, ആരോഗ്യ സുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ഉച്ചക്കഞ്ഞി വിതരണം തുടങ്ങി എല്ലാം സജ്ജമായി.

പരാതിയുണ്ടോ, സഹായിക്കാൻ പൊലീസുണ്ട്

കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാൻ ത്തവണ മുതൽ സ്കൂളുകളിൽ പൊലീസിന്റെ പരാതിപ്പെട്ടിയുണ്ടാകും. ഓരോ മാസവും പ്രദേശത്തെ എസ്.എച്ച്.ഒ യുടെയും പ്രധാനാദ്ധ്യാപകന്റെയും സാന്നിദ്ധ്യത്തിൽ ഇത് പരിശോധിച്ച് വേണ്ട നിയമ നടപടികളും സ്വീകരിക്കും.