മഴയ്ക്ക് അല്പം ശമനം, മാനം തെളിഞ്ഞു

Monday 02 June 2025 12:00 AM IST

 ഒരാഴ്ചക്കിടെ തകർന്നത് 315 വീടുകൾ

കൊല്ലം: ഒരാഴ്ചയായി തുടച്ചയായി പെയ്ത മഴയ്ക്ക് ഇന്നലെ അല്പം ശമനം. വൈകിട്ടോടെ ഒറ്റപ്പെട്ട മഴ ലഭിച്ചതൊഴിച്ചാൽ കിഴക്കൻ മേഖലയിൽ രാവിലെ മുതൽ തെളിഞ്ഞ അന്തരീക്ഷമാണ്. മഴ ശക്തമായതിനെ തുടർന്ന് ആദിച്ചനല്ലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും രണ്ട് വീടുകൾ ഒറ്റപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തിന്റെ പകൽ വീട്ടിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുകയും ചെയ്തിരുന്നു. നിലവിൽ ഈ ക്യാമ്പ് മാത്രമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അഞ്ച് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആകെ 315 വീടുകൾ തകർന്നെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ വിവിധ താലൂക്കുകളിലായി 305 വീടുകൾ ഭാഗികമായും 10 വീടുകൾ പൂർണമായും തകർന്നിരുന്നു. കിഴക്കൻ മേഖലയിലടക്കം വലിയ തോതിൽ കൃഷി നാശവും ഉണ്ടായി.

ലഭിച്ചത് റെക്കാഡ് മഴ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വേനൽക്കാല മഴ കലണ്ടർ അവസാനിച്ചപ്പോൾ കഴിഞ്ഞ മാർച്ച് 1 മുതൽ ഇന്നലെ വരെ 776.4 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്. 359 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് 116% കൂടുതൽ മഴ ലഭിച്ചത്. മുമ്പ് 2021ൽ 752 മില്ലി മീറ്റർ മഴ മാർച്ച് -മേയ് മാസത്തിലാണ് ലഭിച്ചത്. ജില്ലയിൽ 702 മില്ലി മീറ്റർ മഴ ലഭിച്ചു. 434 മില്ലി മീറ്റർ മഴയായിരുന്നു പ്രതീക്ഷിച്ചത്. 62 ശതമാനം അധികമഴയാണ് പെയ്തിറങ്ങിയത്. ഇക്കുറി കാലവർഷം നേരത്തേ എത്തിയതാണ് മഴ ഇത്രയധികം വർദ്ധിക്കാൻ കാരണം. മാർച്ചിന് ശേഷം ലഭിച്ച മഴയുടെ മുക്കാൽ ശതമാനവും മേയിലാണു് ലഭിച്ചതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.

തകർന്ന വീടുകളുടെ എണ്ണം (ഭാഗികം, പൂർണം)

25/05/2025 : 24,1

26/05/2025 :42 , 2

27/05/2025 :43, 1

28/05/2025 : 0

29/05/2025 :8 ,0

30/05/2025 : 164, 6

31/05/2025 : 24,0

ഇന്നലെ ലഭിച്ച മഴ

കൊല്ലം: 32 മില്ലി മീറ്റർ

ചവറ: 20.5 മില്ലി മീറ്റർ

പാരിപ്പള്ളി: 17.5 മില്ലി മീറ്റർ

പുനലൂർ: 6.2 മില്ലി മീറ്റർ

തെന്മല: 5.5 മില്ലി മീറ്റർ

ആര്യങ്കാവ്: 0.4 മില്ലി മീറ്റർ