രണ്ടും കല്പിച്ച് ചൈന അടച്ചുപൂട്ടേണ്ടി വരുമെന്ന് യു.എസ് കാർ നിർമ്മാണ കമ്പനികൾ
ചൈന: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം ഓട്ടോമോട്ടീവ് മേഖലയിലേക്കും നീങ്ങുകയാണ്. വിൻഡ്‌ഷീൽഡ്-വൈപ്പർ മോട്ടോറുകൾ മുതൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സെൻസറുകൾക്ക് വരെ ഉപയോഗിക്കുന്ന ചൈനയിൽ നിന്നുള്ള അപൂർവ ഭൗമകാന്തങ്ങൾ മതിയാംവിധം ലഭിച്ചില്ലെങ്കിൽ അടച്ചുപൂട്ടേണ്ടി വരുമെന്ന് അമേരിക്കയിലെ കാർ നിർമ്മാണ കമ്പനികൾ. ഓട്ടോമൊബൈലുകളിലും യുദ്ധവിമാനങ്ങളിലും എന്തിന് വീട്ടുപകരണങ്ങളിൽ വരെ ഉപയോഗിക്കുന്ന ഈ അപൂർവ ഭൗമകാന്തങ്ങളുടെ ആഗോള സംസ്കരണ ശേഷിയുടെ 90% ത്തിലധികവും ചൈനയുടെ നിയന്ത്രണത്തിലാണ്. ഏപ്രിൽ മുതൽ ഇവ കയറ്റുമതി ചെയ്യുന്നവർ ബീജിംഗിൽ നിന്ന് ലൈസൻസ് നേടണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. ഉത്തരവിൽ വിട്ടുവീഴ്ച ചെയ്തെങ്കിലും ഈ ലൈസൻസ് നേടുക എന്നത് യു. എസിൽ നിന്നുള്ള കമ്പനികൾക്ക് ദുഷ്കരമാക്കിയിരിക്കുകയാണ് ചൈന. ഇതാണ് കമ്പനികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്ക ഇവരിലുണ്ടാക്കിയിരിക്കുന്നത്.
നേരത്തെ ഈ സാഹചര്യം ചൂണ്ടിക്കാട്ടി പ്രധാന കാർ നിർമ്മാണ കമ്പനികളായ ജനറൽ മോട്ടേഴ്സ്, ടൊയോട്ട, വോക്സ്വാഗൻ, ഹ്യുണ്ടായി തുടങ്ങിയവ ഉൾപ്പെടുന്ന വ്യാപാര സംഘത്തിന്റെ തലവൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ചിരുന്നു.
ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ, ത്രോട്ടിൽ ബോഡികൾ, ആൾട്ടർനേറ്ററുകൾ, വിവിധ മോട്ടോറുകൾ, സെൻസറുകൾ, സീറ്റ് ബെൽറ്റുകൾ, സ്പീക്കറുകൾ, ലൈറ്റുകൾ, പവർ സ്റ്റിയറിംഗ്, ക്യാമറകൾ എന്നിങ്ങനെ വാഹന നിർമ്മാണത്തിൽ നിർണായക ഘടകങ്ങൾ നിർമ്മിക്കാൻ സുപ്രധാന ഘടകമാണ് ചൈനയുടെ ഈ ഭൗമകാന്തങ്ങൾ. ഇവ ലഭ്യമായില്ലെങ്കിൽ ഒന്നുകിൽ വാഹനങ്ങൾ നിർമ്മിക്കുന്നതിന്റെ എണ്ണം കുറയ്ക്കുകയോ ഇല്ലെങ്കിൽ ഫാക്ടറികൾ പൂട്ടുകയോ ചെയ്യേണ്ടി വരുമെന്നാണ് കമ്പനികളുടെ ഭാഗം. അപൂർവ ഭൗമധാതുക്കളുടെ ഉറവിടമാണ് ചൈന.